മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ; മികച്ച പ്രതികരണവുമായി ‘ക്രൈം ഡ്രാമ’
റിപ്പോർട്ട് :ഋഷി
തിരുവനന്തപുരം —
എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ ചിത്രം ഇന്ന് (ഡിസംബർ 5) ആഗോളതലത്തിൽ റിലീസിനെത്തി. ആരാധകരും സിനിമാ പ്രേമികളും വലിയ ആകാംഷയോടെ കാത്തിരുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2004 നും 2009 നും ഇടയിൽ നിരവധി സ്ത്രീകളെ സയനൈഡ് നൽകി കൊന്ന ‘സയനൈഡ് മോഹൻ്റെ’ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. നടി ശാന്തി മായാദേവിയുമായുള്ള അഭിമുഖത്തിൽ താൻ ചിത്രത്തിൽ പ്രതിനായകനായാണ് എത്തുന്നത് എന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു.

ഫസ്റ്റ് ഷോ പൂർത്തിയാകുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സിനിമ മികച്ചതാണെന്നും മമ്മൂട്ടിയുടെ അവതരണം അതിശയിപ്പിക്കുന്നതാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മുജീബ് മജീദിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും മനോഹരവും ക്ലാസിയുമാണെന്ന് പലരും പറയുന്നുണ്ട്. ഒപ്പം വിനായകൻ്റെ പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.
