സ്വർണ്ണക്കൊള്ള കേസിൽ ഹർജി തള്ളി സുപ്രീം കോടതി. “ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല”; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കെ.പി. ശങ്കർ ദാസിന് തിരിച്ചടി

 സ്വർണ്ണക്കൊള്ള കേസിൽ ഹർജി തള്ളി സുപ്രീം കോടതി.  “ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല”; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കെ.പി. ശങ്കർ ദാസിന് തിരിച്ചടി

ന്യൂഡൽഹി:

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിന് സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം. തനിക്കെതിരെ കേരള ഹൈക്കോടതി നടത്തിയ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ശങ്കർ ദാസ് സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.

സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഹർജി പരിഗണിക്കവെ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി നടത്തിയത്. “നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” എന്ന് കോടതി തുറന്നടിച്ചു. കുറഞ്ഞപക്ഷം ക്ഷേത്രത്തെയും ദേവതയെയെങ്കിലും ഇത്തരം പ്രവർത്തികളിൽ നിന്ന് ഒഴിവാക്കണമായിരുന്നുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ബോർഡ് അംഗമെന്ന നിലയിൽ ശങ്കർ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രായാധിക്യവും ആരോഗ്യവും കണക്കിലെടുത്താണ് ഹൈക്കോടതി ചില ഇളവുകൾ നൽകിയതെന്നും അല്ലാതെ കേസിന്റെ മെറിറ്റ് പരിശോധിച്ചല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിലെ അഞ്ച് ഖണ്ഡികകൾ ഒഴിവാക്കണമെന്ന ആവശ്യം കോടതി പൂർണ്ണമായും നിരസിച്ചു.

അന്വേഷണം തുടരുന്നു

ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങൾ അറ്റകുറ്റപ്പണികൾക്കായി കൈമാറിയപ്പോൾ ഭാരം കുറഞ്ഞതായും ചിലവ അപ്രത്യക്ഷമായതായും പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വകാര്യ ലാഭത്തിനായി സ്വർണ്ണം വകമാറ്റിയെന്നാണ് സംശയിക്കുന്നത്. ഇതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയിൽ ശങ്കർ ദാസിനും കെ. വിജയകുമാറിനും പങ്കുണ്ടെന്നാണ് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചത്.

അതേസമയം, കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കേരള ഹൈക്കോടതി ആറാഴ്ച കൂടി സമയം അനുവദിച്ചു. ജനുവരി 19-ന് അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് എസ്‌ഐടി സമർപ്പിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News