വെനസ്വേലയിൽ അമേരിക്കൻ ‘കാടത്തം’; കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് നാണക്കേടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:
വെനസ്വേലയിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധികാരിയെ ബന്ദിയാക്കിയ നടപടി അന്താരാഷ്ട്ര മര്യാദകളുടെ നഗ്നമായ ലംഘനമാണെന്നും ഇതിനെ അപലപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് ഇന്ത്യക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
അതിരൂക്ഷ വിമർശനം
വെനസ്വേലൻ പ്രസിഡന്റിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത് കണ്ണ് മൂടിക്കെട്ടിയ നിലയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച അമേരിക്കൻ നടപടി അങ്ങേയറ്റം നികൃഷ്ടമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. “എന്താണിത്? എത്ര വലിയ തെമ്മാടിത്തമാണ്? എത്ര വലിയ കാടത്തമാണ്? എവിടെയാണ് രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും?” എന്ന് അദ്ദേഹം ചോദിച്ചു.
മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിൽ ഒരു രാജ്യത്തിന്റെ അതിർത്തി ലംഘിച്ച് ഭരണാധികാരിയെ ബന്ധിയാക്കുന്നത് ലോകത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിനെതിരെയും കടന്നാക്രമണം
അന്താരാഷ്ട്ര തലത്തിൽ ഇത്ര വലിയ മനുഷ്യാവകാശ ലംഘനവും പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും ഉണ്ടായിട്ടും പ്രതികരിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെ മുഖ്യമന്ത്രി ചോദ്യം ചെയ്തു. ഇത്തരം ‘കാടത്തങ്ങളെ’ അപലപിക്കാൻ ഭാരതം മടിക്കുന്നത് അന്താരാഷ്ട്ര വേദിയിൽ രാജ്യത്തിന്റെ നിലപാടുകളുടെ അന്തസ്സ് കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ എന്നും പരമാധികാരത്തിന് കാവൽ നിൽക്കേണ്ടവരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
