ഒമാൻ തീരത്തെ മിസൈൽ ആക്രമണം: ബിഹാർ സ്വദേശിയായ കപ്പൽ ക്യാപ്റ്റൻ കൊല്ലപ്പെട്ടു
മസ്‌കറ്റ്:
ഒമാൻ തീരത്ത് ഒട്ടേറെ ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംവി സ്കൈലൈറ്റ്’ എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ മർച്ചന്റ് നേവി ക്യാപ്റ്റൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ബിഹാർ സ്വദേശിയായ ക്യാപ്റ്റൻ ആശിഷ് കുമാറാണ് (32) ഈ ദാരുണമായ സംഭവത്തിൽ ജീവൻ വെടിഞ്ഞത്. മൂന്ന് ദിവസമായി തുടർന്ന തിരച്ചിലിനൊടുവിലാണ് കപ്പലിന്റെ എൻജിൻ റൂമിൽ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.
മാർച്ച് ഒന്നിനാണ് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് കപ്പലിന് നേരെ ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെ തുടർന്ന് എൻജിൻ റൂമിൽ വൻ സ്ഫോടനവും തീപിടുത്തവും ഉണ്ടാവുകയായിരുന്നു. അപകടസമയത്ത് എൻജിൻ റൂമിലുണ്ടായിരുന്ന ആശിഷ് കുമാറിന് തീപിടുത്തത്തെ തുടർന്ന് പുറത്തുകടക്കാൻ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 15 പേരും ഇന്ത്യക്കാരായിരുന്നു. ഇതിൽ 17 പേരെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെങ്കിലും ആശിഷ് കുമാറിനെ കണ്ടെത്താൻ വൈകുകയായിരുന്നു.
കഴിഞ്ഞ ജനുവരി 20-നാണ് ആശിഷ് കുമാർ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചത്. ദുബായിൽ ആദ്യ നിയമനം ലഭിച്ച ശേഷം ഫെബ്രുവരി 22-നാണ് ‘സ്കൈലൈറ്റ്’ എന്ന ടാങ്കർ കപ്പലിന്റെ ക്യാപ്റ്റനായി അദ്ദേഹം ചുമതലയേറ്റത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അഭിഭാഷകനായ അശോക് കുമാറാണ് പിതാവ്. ഭാര്യ അൻഷു കുമാരിയും അഞ്ച് വയസ്സുള്ള മകനുമടങ്ങുന്നതാണ് ആശിഷിന്റെ കുടുംബം.
