‘ഞാൻ ക്ഷമ ചോദിക്കുന്നു’: ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.

ഭോപ്പാൽ: മധ്യപ്രദേശിൽ സിദ്ധി ജില്ലയിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇരയായ യുവാവ് ദഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ കാൽ കഴുകിയാണ് മുഖ്യമന്ത്രി മാപ്പ് പറഞ്ഞത്.
പ്രവേശ് ശുക്ല എന്നൊരാളാണ് ഇത്തരത്തിൽ ഹീനമായ പ്രവൃത്തി ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായത്. ഇത് പിന്നീട്, വലിയ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിവച്ചിരുന്നു.
തൊഴിലാളിയുടെ കാൽ കഴുകുന്ന ചിത്രങ്ങൾ ശിവരാജ് സിംഗ് ചൗഹാന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.
ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചു. ഞാൻ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങൾ ദൈവത്തെ പോലെയാണ്. എന്ന് കാൽ കഴുകലിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ പറഞ്ഞു. റാവത്തിനെ പൂമാലയിട്ടും ഷാൾ അണിയിച്ചും ആദരിക്കുകയും ചെയ്തു. അതിന് ശേഷം, ദഷ്മത് റാവത്തിനൊപ്പം ഭോപ്പാലിലെ സ്മാർട്ട് സിറ്റി പാർക്ക് സന്ദർശിച്ച് തൈകൾ നടുകയും ചെയ്തു.