പി ഓ കെ യിൽ നിന്നെത്തിയവർക്കും പ്രാധിനിത്യം :അമിത്ഷാ
ന്യൂഡൽഹി :
പാക് അധിനിവേശ ജമ്മു കാശ്മീരിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ, കാശ്മീരി കുടിയേറ്റക്കാർ,പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് നിയമസഭയിൽ പ്രാതിനിധ്യം നൽകുന്ന ജമ്മു കാശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട് വിട്ട് അഭയാർഥികളായി ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് ആശ്വാസമാകും ഈ ബില്ലെന്ന് മന്ത്രി പറഞ്ഞു.
കാശ്മീരിൽ നിന്നും പലായനം ചെയ്ത സമുദായാoഗങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കം രണ്ട് പേരെ നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. 2024ൽ മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഭീകരവാദം പൂർണമായും തുടച്ചുനീക്കാൻ കഴിയുമെന്നും ഷാ കൂട്ടിച്ചേർത്തു.
മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചതിന്റെ ഫലമാണ് പണ്ഡിറ്റുകൾക്ക് കാശ്മീരിൽ ദുരവസ്ഥ ഉണ്ടായതെന്നും അദ്ദേഹം കാരണമാണ് പാക് അധിനിവേശ കാശ്മീർ പ്രശ്നം രൂക്ഷമായതെന്നും അമിത് ഷാ പറഞ്ഞു.അത് രാജ്യത്തിന് വലിയൊരു ഭൂവിഭാഗം നഷ്ടപ്പെടാൻ ഇടയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷായുടെ ഈ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ എം പി മാർ സഭാ നടപടികൾ ബഹിഷ്കരിച്ചു.