ദേശീയ സുരക്ഷ അപകടത്തിലായ സന്ദർഭങ്ങളിൽ നമുക്കൊപ്പം നിന്ന രാജ്യം ഇസ്രയേല്‍:വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍

2023 ഒക്ടോബറില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ ആക്രണം നടത്തുകയും അതില്‍ 1200 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്.
പലസ്തീന്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. വ്യാഴാഴ്ച രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ മന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തെ അദ്ദേഹം ന്യായീകരിച്ചു. സുരക്ഷാ ഭീഷണികള്‍ക്കിടയിലും ഇന്ത്യ ഇസ്രയേലിനൊപ്പം നിന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുപക്ഷത്തിനുമിടയിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം തുടരാനുള്ള ഇന്ത്യയുടെ തീരുമാനം ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് മന്ത്രി പറഞ്ഞു. ‘‘ദേശീയ സുരക്ഷയില്‍ ശക്തമായ സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ദേശീയ സുരക്ഷ അപകടത്തിലായ വിവിധ സന്ദർഭങ്ങളിൽ നമുക്കൊപ്പം നിന്ന രാജ്യം കൂടിയാണത്. നമ്മള്‍ ഏതെങ്കിലും വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ വിശാലമായ അര്‍ത്ഥത്തിലാണ് അത് പരിഗണിക്കുക. എന്നാല്‍, നമ്മുടെ ദേശീയ താത്പര്യങ്ങളും അതില്‍ പരിഗണിക്കപ്പെടും,’’ അദ്ദേഹം പറഞ്ഞു.