പാർലമെന്റിന്റെ ശീതകാല സമ്മേളനം 25 മുതൽ

ന്യൂഡൽഹി:
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാകും. ഡിസംബർ 20 വരെ സമ്മേളനം തുടരും. നവംബർ 26 ന് ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. നവംബർ 25 ന് ശീതകാല സമ്മേളനം വിളിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജു സമൂഹ മാധ്യമത്തിൽ അറിയിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും വയനാട് അടക്കമുള്ള മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റേയും ഫലം വരുന്നതിനു പിന്നാലെയുള്ള ശീതകാല സമ്മേളനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.