ആറ്റുകാൽ ഉത്സവത്തിന് തുടക്കം

തിരുവനന്തപുരം:
ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവം തുടങ്ങി. 13 നാണ് പൊങ്കാല. ചൊവ്വാഴ്ച മുതൽ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാത്രി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിളക്കുകെട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. ബുധനാഴ്ച വൈകിട്ട് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിത പ്രമോദ് നിർവഹിച്ചു. അംബാ പുരസ്കാരം സംഗീതജ്ഞ ഡോ.കെ ഓമനക്കുട്ടിക്ക് സമാനിച്ചു. വൈകിട്ട് 6.30 ന് എഡിജിപി എസ് ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും രാത്രി 10 ന് ഗായകൻ ഡോ. മനോ നയിക്കുന്ന സംഗീത പരിപാടിയും ഉണ്ട്. 14 ന് രാത്രി 10 ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവം സമാപിക്കും.