ആവശ്യമായ ചികിത്സ ലഭിച്ചില്ല ,വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് മരണം

എറണാകുളം:
പെരുമ്പാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറം ചട്ടി പറമ്പിലെ വാടക വീട്ടിൽ വെച്ച് പ്രസവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. യുവതിയുടെ അമ്മാവൻ്റെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. തുടർ നടപടികൾക്കായി കേസ് മലപ്പുറം പൊലീസിന് കൈമാറും.
അതേ സമയം മരണപ്പെട്ട യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് ബന്ധുക്കൾക്ക് കൈമാറും.
മരണപ്പെട്ട അസ്മയുടെ ഭർത്താവ് സിറാജുദ്ധീൻ മുസ്ലിയാർക്കെതിരെയാണ് പൊലീസിന് പരാതി ലഭിച്ചത്. ഇയാളുടെ നിർബന്ധ പ്രകാരം അസ്മയുടെ അഞ്ചാമത്തെ പ്രസവം വീട്ടിലാക്കിയതിനെ തുടർന്ന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ മരണം സംഭവിച്ചുവെന്നാണ് ആരോപണം. അസ്മയുടെ മൂന്ന് പ്രസവങ്ങൾ ആശുപത്രിയിലും നാലാമത്തെ പ്രസവം വീട്ടിലുമായിരുന്നു നടന്നത്.