വാടക അക്കൗണ്ട് പെരുകുന്നു
തിരുവനന്തപുരം:
നിയമ വിരുദ്ധപ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) തട്ടിപ്പുകൾ സംസ്ഥാനത്തും വർധിക്കുന്നു. ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വൻ തുകയ്ക്ക് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളെല്ലാം ഇത്തരം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറുന്നതു്. മ്യൂൾ അക്കൗണ്ടുകൾ ഏതു തരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനത്തിനായി ഫണ്ട് നൽകുക തുടങ്ങിയവ ഈ അക്കൗണ്ടുകൾ വഴി നടക്കും. പിടിക്കപ്പെടുമ്പോൾ യഥാർഥ അക്കൗണ്ട് ഉടമകൾ പ്രതികളാകും.