ശബരിമല സ്വർണപ്പാളി വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടപെടൽ

എറണാകുളം :
ശബരിമല സ്വർണപ്പാളി വിവാദത്തില്‍ നിർണായക ഇടപെടല്‍ നടത്തി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവിട്ടു. എഡിജിപി എച്ച് വെങ്കിടേശിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. റിപ്പോർട്ട് പുറത്ത് വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
സ്വർണപ്പാളി സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളെന്ന് കോടതി നിരീക്ഷിച്ചു. 2019ല്‍ ഉണ്ണികൃഷ്‌ണൻ പോറ്റി സ്വർണപ്പാളി സ്വർണം പൂശാനായി കൊണ്ടുപോയ സമയത്ത് ഉണ്ടായിരുന്ന തൂക്കവും തിരിച്ചു കൊണ്ടുവന്നപ്പോള്‍ സ്വർണപ്പാളിക്ക് ഉണ്ടായിരുന്ന തൂക്കവും തമ്മിലുള്ള വ്യത്യാസം മുൻ നിർത്തിയായിരുന്നു കോടതിയുടെ ചോദ്യങ്ങളത്രയും.
സ്വർണപ്പാളിയിലെ സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തല്‍. 2019 ൽ ഉണ്ണികൃഷ്‌ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അയച്ച ഇ മെയില്‍ സന്ദേശമടക്കമുള്ള വിവരങ്ങൾ പ്രാഥമികാന്വേഷണ റിപ്പേർട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശില്‍പത്തില്‍ സ്വർണം പൂശാന്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റി താല്‍പര്യം അറിയിച്ചു കൊണ്ടുള്ളതായിരുന്നു ഇമെയിൽ.