കൊല്ലം: ദേശീയപാത തകർച്ചയിൽ വൻ ഗതാഗതക്കുരുക്ക്; അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കൊല്ലം:
കൊല്ലം ജില്ലയിലെ കൊട്ടിയത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി തകർന്ന് റോഡിലേക്ക് ഇടിഞ്ഞ് വീഴുകയും സർവീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്.
ദേശീയപാത 66-ന്റെ നിർമ്മാണത്തിന്റെ ഭാഗമായി മൈലക്കാട് ഭാഗത്താണ് സംഭവം. നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ വശത്തെ ഭിത്തിയാണ് താഴേക്ക് ഇടിഞ്ഞത്. ഈ സമയത്ത് സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി സമീപത്ത് ഉണ്ടായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചതിനാൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭിത്തി ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് സർവീസ് റോഡിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണ്.
ദേശീയപാതയുടെ അവസാന ഘട്ട നിർമ്മാണം നടക്കാനിരിക്കെയാണ് ഈ അപകടം. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടുകയും അടിയന്തര അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
