കരൂർ ദുരന്തം: നടനും ടി.വി.കെ നേതാവുമായ വിജയ്‌ക്ക് സി.ബി.ഐ സമൻസ്; ജനുവരി 12-ന് ഹാജരാകണം

 കരൂർ ദുരന്തം: നടനും ടി.വി.കെ നേതാവുമായ വിജയ്‌ക്ക് സി.ബി.ഐ സമൻസ്; ജനുവരി 12-ന് ഹാജരാകണം

ചെന്നൈ:

രാജ്യത്തെ നടുക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌ക്ക് സി.ബി.ഐ സമൻസ് അയച്ചു. ജനുവരി 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വിജയ് ആദ്യമായി ഒരു അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നത്. നേരത്തെ സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായിരുന്നില്ല.

കഴിഞ്ഞ സെപ്റ്റംബർ 27-ന് ടി.വി.കെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേരാണ് മരിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വിജയ് എത്തിയതും, കത്തുന്ന ചൂടിൽ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നതും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. വിജയ് പ്രസംഗം തുടങ്ങിയതിന് പിന്നാലെ ജനങ്ങൾ കുഴഞ്ഞുവീഴുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ടി.വി.കെ നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ, ആധവ് അർജുന എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. പാർട്ടി ആസ്ഥാനത്തെ വിജയ്‌യുടെ കാരവനിലടക്കം പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങൾ സി.ബി.ഐ ശേഖരിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വിജയ്‌ക്കെതിരെയുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News