ലിഫ്റ്റിൽ കുടുങ്ങിയത് 42 മണിക്കൂർ: രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളിൽ തുക കൈമാറാനാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകിയത്.
2025 ജൂലൈ 13-നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 15-ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി പരിശോധിച്ചപ്പോഴാണ് അവശനായ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തകരാറിലായ ലിഫ്റ്റ് കൃത്യമായി പൂട്ടുന്നതിലോ അവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിലോ ആശുപത്രി അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ വിലയിരുത്തി.
സംഭവത്തിൽ ആരോഗ്യ വകുപ്പ് നേരത്തെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരാളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുണ്ടായ ഈ അനാസ്ഥയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന രവീന്ദ്രൻ നായരുടെ പരാതിയിലാണ് ഇപ്പോൾ നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്.
