അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണു: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

 അസമിൽ സുഖോയ് യുദ്ധവിമാനം തകർന്നു വീണു: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

അപകടത്തിൽ മരിച്ച പൈലറ്റുമാർ

ന്യൂഡൽഹി:

അസമിൽ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പരിശീലന പറക്കലിനായി ഉയർന്ന വിമാനം രാത്രി 7.42-ഓടെയാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്.

ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് ജില്ലയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. ദുർഘടമായ ഭൂപ്രകൃതിയും വനനിബിഡമായ പ്രദേശവുമായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ നടപടികൾ ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങളും പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.

പൈലറ്റുമാരുടെ മരണം ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ക്വാഡ്രൺ ലീഡർ അനുജിന്റെയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരാഗ്കറിന്റെയും വിയോഗം സേനയ്ക്ക് വലിയ നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യോമസേന എക്സിൽ കുറിച്ചു. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News