പാർട്ടിയെ പിടിച്ചുകുലുക്കിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ

പാർട്ടിയെ പിടിച്ചുകുലുക്കിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ?
ഭരത് കൈപ്പാറേടൻ
ബoഗുളുരു : പ്രോജ്വൽ രേവണ്ണ എപ്പിസോഡ് ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ എന്ന ചോദ്യമാണ് ഇന്ന് കർണ്ണാടക രാഷ്ട്രീയത്തിൽ മുഴങ്ങി കേൾക്കുന്നത്.
ഗൗഡയുടെ കൊച്ചുമകൻ പ്രോജ്വൽരേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു വർഷത്തിലേറെയായി അഭ്യൂഹങ്ങൾ പരന്നിരുന്നു.
അന്നു മുതൽ ജനാതാ ദൾ സെക്കുലർ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ കുടുംബത്തിലും പാർട്ടിയിലും ഈ കിംവദന്തി എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു അഗ്നിപർവ്വതം പോലെ പുകഞ്ഞു നിൽക്കുകയായിരുന്നു .
പാർട്ടിയുടെ നിലനിൽപ്പിനെക്കുറിച്ചുപോലും സംശയം ഉയർത്തുന്ന രീതിയിലായാണ് കാര്യങ്ങളുടെ പോക്ക് എന്നതിൽ പാർട്ടി തലവൻ ദേവഗൗഡ അതീവ ദുഖിതനും നിരാശനുമാണെന്നാണ് സൂചന.
ശനിയാഴ്ച, പ്രത്യേക അന്വേഷണ സംഘം ദേവഗൗഡയുടെ മകൻ രേവണ്ണയെ അറസ്റ്റ് ചെയ്യാൻ ദേവഗൗഡയുടെ വീട്ടിലെത്തിയത് എല്ലാത്തരത്തിലും ആ കുടുംബത്തിന് തീരാത്ത അപമാനമായി.
സംസ്ഥാന-ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ ഒട്ടേറെ അണിയറ നാടകങ്ങൾക്ക് വേദിയായിരുന്നു ബംഗളൂർ നഗരത്തിലെ പദ്മനാഭനഗറിലുള്ള ജനതാ ഹൗസ്.
ഉന്നതരും ശക്തരുമായ നിരവധി സന്ദർശകരെ ദിവസവും വരവേറ്റിരുന്ന പ്രൗഢമായ ആ വസതി ഗൗഡ കുടുംബത്തിൻറെ അനുയായികൾ മാത്രമല്ല എതിരാളികൾപോലും അസൂയയോടെയും ബഹുമാനത്തോടെയുമാണ് നോക്കികണ്ടിരുന്നത്. ഇതുപോലെ അപമാനകരമായ നാണംകെട്ട ഒരു കേസിൽ രേവണ്ണയെപ്പോലൊരാളെ അറസ്റ്റുചെയ്യാൻ ആ കുടുംബത്തിൽ പോലീസ് വാറണ്ടുമായി വന്നിറങ്ങുമെന്ന് ശത്രുക്കൾ പോലും സങ്കൽപ്പിച്ചിരുന്നില്ല.
പ്രോജ്വലിൻറെ ലീലാവിലാസങ്ങൾ അടങ്ങിയ പെൻഡ്രൈവുകൾ സംസ്ഥാനമാകെ വൈറലായതിനു പിന്നാലെ, പ്രോജ്വൽ തങ്ങളെ ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത് .
അപ്പോഴേക്കും അദ്ദേഹം മത്സരിച്ച സീറ്റിലെ പോളിംഗ് പൂർത്തിയായിരുന്നു. അപകടം മണത്ത പ്രോജ്വൽ അവധിക്കാലം ആഘോഷിക്കാനെന്ന വ്യാജേന ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് ജർമ്മനിയിലേക്ക് മുങ്ങി.
പ്രോജ്വൽ എപ്പിസോഡ് കർണാടക രാഷ്ട്രീയത്തിൽ മാത്രമല്ല നടുക്കം സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ ബിജെപിയും പ്രധാനമന്ത്രി മോദിപോലും ഇതിന്റെ പേരിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
25 വർഷം പഴക്കമുള്ള പാർട്ടിക്ക്, അതിൻ്റെ പ്രഥമ നേതാവിന്റെ കുടുംബത്തിലെ അംഗങ്ങൾമൂലം നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത് .
91 കാരനായ ദേവഗൗഡ വൃക്ക രോഗിയാണ്. അദ്ദേഹത്തിൻ്റെ ആറ് മക്കളിൽ രണ്ട് മക്കളായ രേവണ്ണയും കുമാരസ്വാമിയും ജനതാ ദൾ രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കളാണ്. അവരുടെ മക്കളായ പ്രജ്വൽ, നിഖിൽ എന്നിവരെ കൂടാതെ ഒട്ടുമിക്ക ബന്ധുക്കളും ഒന്നുകിൽ ജനപ്രതിനിധികളോ അല്ലങ്കിൽ പാർട്ടി ഭാരവാഹികളോ ആണ്. പക്ഷേ ഒരുത്തർക്കും മിണ്ടാട്ടമില്ല.
224 അംഗ നിയമസഭയിൽ കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ മാത്രം നേടിയ ജെഡിഎസ് ഈ സംഭവം വിവാദമാകുന്നതിനും മുമ്പുതന്നെ വലിയ പ്രതിസന്ധിയിലായിരുന്നു.
പാർട്ടിയുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ കുമാരസാമി ലോക്സഭാ തെരഞ്ഞെടുപ്പിനും വളരെ മുമ്പേ , നിലനിൽപ്പിനായി ബിജെപിയുടെ കോട്ടയിൽ അഭയം പ്രാപിച്ച് NDA യിൽ ചുവടുറപ്പിക്കുകയായിരുന്നു.
രണ്ട് തവണ മുഖ്യമന്ത്രിയായ കുമാരസ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒന്നിലധികം തവണ ഹൃദയ ശസ്ത്രക്രിയകൾക്ക് വിധേയനായത് പാർട്ടിക്കുവേണ്ടി കടുത്ത ഒരു അതിജീവനപ്പോരാട്ടം നയിക്കുന്നതിനു വേണ്ടിത്തന്നെയായിരുന്നു.
മകനെതിരായ തെളിവ് നശിപ്പിക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ സഹോദരൻ രേവണ്ണ ജയിലിൽ കിടക്കുന്ന സാഹചര്യത്തിൽ, പാർട്ടി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കുമാരസാമിക്ക് തനിയെ സാധിക്കുമോയെന്ന ചോദ്യമാണ് പാർട്ടി ഫോറങ്ങളിൽ ഉയരുന്നത്.
കുടുംബത്തിനു വെളിയിലുള്ളവരെ ഉൾപ്പെടുത്തി ഒരു രണ്ടാംനിര നേതൃത്വം പാർട്ടിയിൽ ഉണ്ടാവുന്നതു തടയാൻ ഗൗഡ കുടുംബം വളരെ ബോധപൂർവം നടത്തിയ ശ്രമങ്ങൾക്കും വെട്ടിനിരത്തലുകൾക്കും വലിയ വിലയാണ് ഇപ്പോൾ ഗൗഢമാർ കൊടുക്കേണ്ടി വന്നിരിക്കുന്നത്.
ഈ പ്രതിസന്ധിയിൽ തങ്ങളെ പ്രതിരോധിക്കാൻ മാദ്ധ്യമങ്ങളുടെ മുന്നിൽ ഒന്നു പ്രത്യക്ഷപ്പെടാൻ പോലും പാർട്ടിയിൽ നിന്ന് ഒരാളുപോലുമില്ല എന്ന സ്ഥിതി കക്ഷി രാഷ്ട്രീയജനാധിപത്യത്തിൽ വല്ലാത്തൊരു ഗതികേടുതന്നെയാണ്.
ജെഡിഎസ് വക്താവും പാർട്ടി എംഎൽസിയുമായ ടി എ ശരവണ ഉൾപ്പടെയുള്ള ഉത്തരവാദിത്തപ്പെട്ട മുതിർന്ന നേതാക്കളൊക്കയും മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കാൻ വിസമ്മതിക്കുകയാണ്.
പാർട്ടി നേരിടുന്ന പ്രതിസന്ധി വളരെ ഗുരുതരവും ഒന്നൊന്നായി ഉയരുന്ന ആരോപണങ്ങൾ പാർട്ടിയുടെ പ്രഥമ കുടുംബത്തിൻ്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നതുമാണെന്ന് ടി എ ശരവണ സ്വകാര്യമായി ചില ചാനലുളോട് പങ്കുവെച്ചതായാണ് വിവരം.
ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും ആരോഗ്യനില മോശമായ ഒരു സമയത്ത് 19 നിയമസഭാംഗങ്ങളിൽ 10 പേരും പ്രജ്വലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ കലാപം നടത്തിയത് പുതിയൊരു കീഴ് വഴക്കത്തിനാണ് തുടക്കം കുറിച്ചത്.
ഗത്യന്തരമില്ലാതെ വന്നപ്പോൾ എംഎൽഎ മാരുടെ സമ്മർദ്ധത്തിനു മുന്നിൽ ഒടുവിൽ ഗൗഡ കുടുംബത്തിന് വഴങ്ങേണ്ടി വരികയും ചെയ്തു.
‘അപ്പാജി’ എന്നു തന്നെ സ്നേഹപൂർവ്വം വിളിച്ചിരുന്ന നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷവും തൻ്റെയും മകൻ കുമാരസാമിയുടെയും മുഖത്തുനോക്കി സംസാരിക്കുന്ന അപൂർവ്വതയ്ക്കും പോയ ദിനങ്ങളിൽ ദേവഗൗഡ സാക്ഷ്യം വഹിച്ചു .
മകൻ രേവണ്ണയുടെയും ചെറുമകൻ പ്രോജ്വലിൻ്റെയും പ്രവൃത്തികൾ കാരണം ദേവഗൗഡ തലകുനിച്ചു നിൽക്കുന്നത് കാണുമ്പോൾ അണികൾക്കു വേദനയുണ്ടെങ്കിലും എംഎൽഎമാരിൽ പലരും അസ്വസ്ഥരും പ്രകോപിതരുമാണ്.
കർണ്ണാടകത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം എൻഡിഎയ്ക്ക് പ്രതികൂലമായാൽ ജെഡിഎസ് ശിഥിലമാകുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ ഭൂരിപക്ഷം എംഎൽഎ മാർ കോൺഗ്രസിലേക്കും ശേഷിക്കുന്നവർ ബിജെപിയിലേക്കും ചേക്കേറുമെന്നതിൽ ആർക്കും സംശയമില്ല.
താൻ ശക്തനായിരുന്ന കാലത്ത് ജെഡിഎസ് നേരിട്ട നിർണായകമായ പല വെല്ലുവിളികളിൽ നിന്നും ദേവഗൗഡ പാർട്ടിയെ തന്റെ നെഞ്ചുറപ്പും വൈഭവവും കൊണ്ട് കരകയറ്റിയിട്ടുണ്ട്.
എന്നാൽ ഇന്ന് ദേവഗൗഡയുടെ ശക്തിയും പ്രതാപവും ക്ഷയിച്ചിരിക്കുന്നു. കുമാര സാമിയുടെ ആരോഗ്യവും ഏറ്റവും മോശമായ അവസ്ഥയിലാണ്. രേവണ്ണയാവട്ടെ നിരവധി കേസുകളിൽ ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്നു. പ്രോജ്വൽ ഏതു നിമിഷവും അഴിക്കുള്ളിലാവാം.
എന്തായാലും ഒരുകാര്യം ഉറപ്പിക്കാം. പ്രജ്വൽ രേവണ്ണ എപ്പിസോഡ് ആ പാർട്ടിയെ സംശയാതീതമായി തകർത്തിരിക്കുന്നു. ഇത് ആ പാർട്ടിക്ക് മുറിച്ചു കടക്കാനാവാത്ത വെല്ലുവിളിയാണ്.
കോൺഗ്രസ് നേതാക്കൾ ജെഡിഎസിന്റെ ഭാവിയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിക്കുകയാണ്. കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് കോൺഗ്രസ്സ്. കേസ് അന്വേഷണങ്ങൾ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചാണ് പാർട്ടിയിൽ പിളർപ്പിനുള്ള സാധ്യതകൾ തെളിയുക.
അതുകൊണ്ടുതന്നെ തുടർന്നു നടക്കാൻ പോകുന്ന കേസന്വേഷണത്തിൻറെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും ജെഡിഎസിന്റെ ഇനിയുള്ള അതിജീവനം.