പൊലീസിന് വീഴ്ചയുണ്ടായി, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിന്?; വന്ദനയുടെ പിതാവ്

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ട എന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്. വന്ദനയ്ക്ക് നാലു മണിക്കൂറുകളോളം ചികിത്സകൾ ഒന്നും ലഭിച്ചില്ല എന്നും പോലീസിന്റെ മുന്നിൽ നിന്നും നടന്ന കുറ്റകൃത്യമാണിത് രക്ഷിക്കണമെന്ന് മകൾ പറഞ്ഞിട്ട് പോലും ആരും രക്ഷിച്ചില്ല, സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും വന്ദനയുടെ പിതാവ് മോഹൻദാസ് പ്രതികരിച്ചു.
20 തവണയാണ് കേസ് മാറ്റിവച്ചത്. സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിലും മറ്റു ചില കാര്യങ്ങളിലും അവ്യക്തതയുണ്ട്. പോലീസിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞാലും തെറ്റില്ല. സംഭവം നടക്കുമ്പോൾ പോലീസിനും ഹോംഗാർഡിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്കിരിക്കേണ്ടി വന്നു വന്ദന തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്നും പോലീസിന്റെ കയ്യിലുള്ള കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ രേഖയായുള്ളത് മറ്റു കാര്യങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്നും വന്ദനയുടെ പിതാവ് ആവശ്യപ്പെടുന്നു.
ഇന്നലെയാണ് ഡോക്ടർ വന്ദനയുടെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.

