ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിലെ ഇൻഡ്യാനയിലെ പർഡ്യൂ സർവകലാശാലയുടെ സമീപത്തെ വനത്തിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇത് സർവകലാശാലയിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ രണ്ടാമത്തെ മരണവും ഈ വർഷം അമേരിക്കയിൽ ഇത്തരത്തിലുള്ള നാലാമത്തെ കേസുമാണ്. തിങ്കളാഴ്ചയാണ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ വനത്തിൽ 23 കാരനായ സമീർ കാമത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ക്രോസ് ഗ്രോവ് നേച്ചർ പ്രിസർവിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി വാറൻ കൗണ്ടി കോറോണർ ജസ്റ്റിൻ ബ്രുമറ്റ് പറഞ്ഞു. 2023 ഓഗസ്റ്റിൽ പർഡ്യൂവിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ സമീർ കാമത്ത് അതേ ഡിപ്പാർട്ട്‌മെൻ്റിൽ തുടർ പഠനം നടത്തുകയായിരുന്നു. സമീർ കാമത്തിന് അമേരിക്കൻ പൗരത്വമുണ്ടെന്ന് കൊറോണർ ഓഫീസ് അറിയിച്ചു.
കാമത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വാറൻ കൗണ്ടി കൊറോണർ ഓഫീസിൻ്റെയും ഷെരീഫ് ഓഫീസിൻ്റെയും അന്വേഷണത്തിലാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് (പ്രാദേശിക സമയം) ക്രോഫോർഡ്‌സ്‌വില്ലിൽ പോസ്റ്റ്‌മോർട്ടം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

