കെ സ്മാർട്ട് സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 ന് മുഖ്യമന്ത്രി നിർവഹിക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ സ്മാർട്ട് വഴി അനുവദിക്കുന്ന ആദ്യ ജനന സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറും. വസ്തു നികുതി അടച്ചതിന്റെ ഓൺലൈൻ രസീത് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ കൈമാറും. കെ സ്മാർട്ട് സ്കൂൾ ഓഫ് ടെക്നോളജി ലോഞ്ചിംഗ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട പെർമിറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കൈമാറും. കെ സ്മാർട്ട് വീഡിയോ കെ വൈ സി വഴിയുള്ള വിവാഹ സർട്ടിഫിക്കറ്റ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അപേക്ഷകന് കൈമാറും. വി കെ പ്രശാന്ത് എം എൽ എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം പി നഗരസഭകളുടെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചേംബേഴ്സ് ചെയർപേഴ്സൺ കെ ജി രാജേശ്വരി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, കേന്ദ്ര ഭവന നഗരകാര്യവകുപ്പ് സെക്രട്ടറി ശ്രീനിവാസ് ആർ. കാറ്റികിത്താല, സ്വച്ഛ് ഭാരത് മിഷൻ നഗരകാര്യ ഡയറക്ടർ രൂപാ മിശ്ര എന്നിവർ സംബന്ധിക്കും. ഐ കെ എം കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ടിംപിൾ മാഗി പി എസ് നന്ദി അറിയിക്കും