തൃശൂര്‍ പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂര്‍ പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുന്നംകുളം പോലീസ് മർദ്ദനത്തിന് പിന്നാലെയാണിത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിൽ.
ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്. പാലക്കാട് വണ്ടാഴി സ്വദേശിയുടെ പരാതിപ്രകാരം ഹോട്ടൽ ജീവനക്കാർ തന്നെ മർദിച്ചതായാണ് ആരോപണം. സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തിയ ഹോട്ടൽ മാനേജർ റോണി ജോണിയും ഡ്രൈവർ ലിതിൻ ഫിലിപ്പും അന്നത്തെ എസ്‌എച്ച്ഒ പി.എം. രതീഷിന്റെ നേതൃത്വത്തിൽ മർദിക്കപ്പെട്ടുവെന്ന് ലാലീസ് ഗ്രൂപ്പ് ഉടമ കെ.പി. ഔസേഫ് ആരോപിച്ചു. തുടർന്ന് വിവരം അറിഞ്ഞെത്തിയ ഔസേഫിന്റെ മകൻ പോൾ ജോസഫിനെയും എസ്‌എച്ച്ഒ ലോക്കപ്പിലാക്കി.
പരാതി ഒത്തുതീർപ്പാക്കാൻ സമ്മർദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിനായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഔസേഫ് പറഞ്ഞു. അതിൽ 3 ലക്ഷം പോലീസിനാണെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് 5 ലക്ഷം രൂപ സിസിടിവി ക്യാമറയുടെ മുന്നിൽ ഔസേഫ് കൈമാറി. തുടർന്ന് തന്നെ ആരും മർദിച്ചിട്ടില്ലെന്ന് പരാതിക്കാരൻ മൊഴി നൽകി ജില്ലാ അതിർത്തി കടന്നതോടെ പോലീസ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.