മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലക്കാട്:
മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. 23കാരനായ അലൻ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂട്ടം തെറ്റി വന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെയാണ് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്‌ചയായി മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ കൂട്ടത്തോടെ നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി അലനും അമ്മയും കാട്ടാന കൂട്ടത്തിനിടയില്‍ പെട്ടത്. കൂട്ടം തെറ്റി വന്ന ഒരു കാട്ടാന ആദ്യം അലന്‍റെ മാതാവ് വിജിയെ ആക്രമിച്ചു. ഇത് തടയുന്നതിനെ കാട്ടാനയുടെ കുത്തേറ്റാണ് അലൻ മരിച്ചതെന്ന് ദൃക്‌സാക്ഷി പറയുന്നു. അലന്‍റെ നെഞ്ചിനാണ് കാട്ടാന കുത്തിയത്.
ഇതിനുപിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മാതാവ് വിജി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിനു പിന്നാലെ മുണ്ടൂരിലെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് ഉച്ച വരെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.