സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്:
സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്. കോഴിക്കോട് കാക്കൂരിലെ കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക
.കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു.