ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു

  ഹയർസെക്കന്ററി ഓൺലൈൻ സ്ഥലമാറ്റത്തിന് പോർട്ടൽ തുറന്നു

2025-26 അധ്യയന വർഷത്തിലെ സർക്കാർ ഹയർസെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലമാറ്റവും നിയമനവും ഓൺലൈനായി നടത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരുടെയും പ്രൊഫൈൽ കൃത്യമാക്കുന്നതിനും പ്രിൻസിപ്പൽമാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമായി പോർട്ടൽ തുറന്നു.  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) സാങ്കേതിക പിന്തുണയോടെ ജൂൺ 1-ന് മുമ്പ് സ്ഥലമാറ്റവും നിയമനവും പൂർത്തീകരിക്കുന്ന വിധത്തിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.

www.dhsetransfer.kerala.gov.in പോർട്ടലിൽ ഏപ്രിൽ 16 വരെ അധ്യാപകർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. പ്രിൻസിപ്പൽമാർ ഇത് പരിശോധിച്ച് കൃത്യത ഉറപ്പാക്കി വീണ്ടും അധ്യാപകർ പ്രൈഫൈൽ ‘കൺഫോം’ ചെയ്യണം.

പ്രൊഫൈൽ പുതുക്കുന്നതോടൊപ്പം എല്ലാ അധ്യാപകരും പോർട്ടലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അവരുടെ പോസ്റ്റിംഗ് സ്റ്റാറ്റസ് (കണ്ടീഷണൽ/നോർമൽ/എക്‌സസ്) കൃത്യമാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം.  എല്ലാ വിശദാംശങ്ങളും പരിശോധിച്ച് പ്രിൻസിപ്പൽമാർ പ്രൊഫൈൽ കൃത്യമാക്കുന്നതോടൊപ്പം തന്നെ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നത് ഈ വർഷം പുതുതായി ഏർപ്പെടുത്തിയതാണ്.  കൂടാതെ ഇതാദ്യമായി മെയ് 31വരെ വിരമിക്കുന്ന അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും എണ്ണംകൂടി ഉൾപ്പെടുത്തിയാണ് ഒഴിവുകൾ കണക്കാക്കുന്നത്.  വിവരങ്ങൾ നൽകുന്നതോടൊപ്പം ഓരോ സ്‌കൂളിലെയും ഒഴിവുവിവരങ്ങൾ തത്സയമം സുതാര്യമായി അറിയാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രൊഫൈൽ കൃത്യമാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പരാതികളും അധ്യാപകർ പോർട്ടൽ വഴി വേണം പ്രിൻസിപ്പലിന്റെ  പരിശോധനയ്ക്കായി സമർപ്പിക്കേണ്ടത്. പ്രത്യേകം പരാതികൾ നൽകേണ്ടതില്ല. നൽകിയ വിവരങ്ങളുടെ/ പരാതികളുടെ സ്റ്റാറ്റസ് ഓരോ അധ്യാപകനും അവരുടെ ലോഗിനിൽ ലഭ്യമാകും. സാങ്കേതിക പിന്തുണക്കായി കൈറ്റിന്റെ ഹെൽപ് ഡെസ്‌ക്കും നിലവിൽ വന്നു. അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും പോർട്ടൽ ഉപയോഗിക്കാനുള്ള വീഡിയോകളും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News