ക്വാണ്ടം ഗവേഷണം; മൂന്ന് ഭൗതിക ശാസ്ത്രജ്ഞർക്ക് നൊബേൽ

ന്യൂഡൽഹി:
2025ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞർക്ക്. ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഇലക്ട്രിക് സർക്യൂട്ടുകളിലെ ഊർജ്ജ ക്വാണ്ടൈസേഷനും സംബന്ധിച്ച ഗവേഷണത്തിനാണ് അംഗീകാരം.
മൂവരും കാലിഫോർണിയ സർവകലാശാലയിൽ 1984-85 കാലഘട്ടത്തിൽ നടത്തിയ പഠനങ്ങളാണ് ഭൗതിക ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചത്. കൈവശം വയ്ക്കാവുന്നത്ര ചെറിയ വൈദ്യുതി സർക്യൂട്ടുകളിലും ക്വാണ്ടം പ്രതിഭാസങ്ങൾ സംഭവിക്കാമെന്ന് അവർ തെളിയിച്ചു. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വികസനത്തിന് ഈ കണ്ടെത്തൽ നിർണായകമായി.