ഗോവ നിശാക്ലബ് തീപിടുത്തം: മരണസംഖ്യ ഉയരാൻ സാധ്യത, ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ
പനാജി:
ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ച് ദൃക്‌സാക്ഷി വെളിപ്പെടുത്തൽ. അപകടം ഉണ്ടാകുമ്പോൾ ഡാൻസ് ഫ്ലോറിൽ നൂറോളം പേർ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആളുകൾ അടുക്കളയിൽ പാചകത്തൊഴിലാളികൾക്കൊപ്പം കുടുങ്ങിപ്പോയെന്നും ഹൈദരാബാദിൽ നിന്നുള്ള ദൃക്‌സാക്ഷിയായ ഫാത്തിമ ഷെയ്ഖ് പറഞ്ഞു.
അടുക്കളയിലെ കുരുക്ക്
“തീപിടിച്ചതോടെ ആകെ നിലവിളികളായിരുന്നു. പരിഭ്രാന്തരായി ക്ലബ്ബിൽ നിന്നും പുറത്തേക്ക് ഓടി എത്തിയപ്പോഴാണ് ക്ലബ്ബ് കത്തിയമരുന്നത് കാണുന്നത്. വാരാന്ത്യമായതിനാൽ തിരക്കുണ്ടായിരുന്നു, കുറഞ്ഞത് നൂറ് പേരെങ്കിലും ക്ലബ്ബിൽ ആ സമയത്തുണ്ടായിരുന്നു,” ഫാത്തിമ ഷെയ്ഖ് പറഞ്ഞു. തീ ആളിപ്പടർന്നപ്പോൾ പുറത്തേക്ക് ഓടി രക്ഷപ്പെടാനായി ചിലർ അടുക്കളയുടെ ഭാഗത്തേക്ക് പോയെങ്കിലും അവിടെ പാചകത്തൊഴിലാളികൾക്കൊപ്പം കുടുങ്ങിപ്പോകുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനം ദുഷ്‌കരം
അർധരാത്രിക്ക് ശേഷം സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിനോദസഞ്ചാരികൾ നൃത്തം ചെയ്തിരുന്ന ക്ലബ്ബിന്റെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.
ഈന്തപ്പനകൾ ഉപയോഗിച്ചുള്ള ക്ലബ്ബിന്റെ നിർമ്മാണമാണ് തീ പെട്ടെന്ന് ആളിപ്പടരാൻ കാരണമായത്. നൈറ്റ്ക്ലബ് സ്ഥിതിചെയ്യുന്ന അർപോറ നദിയുടെ തീരത്തേക്ക് ഇടുങ്ങിയ വഴികൾ മാത്രമാണ് ഉണ്ടായിരുന്നത്. പുറത്തേക്ക് പോകുന്നതിനുള്ള ഏകമാർഗ്ഗവും ഇതുതന്നെയായിരുന്നു. ഇടുങ്ങിയ പാതകൾ കാരണം അഗ്നിശമന സേനയ്ക്ക് ക്ലബ്ബിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. ഫയർ ടാങ്കറുകൾ ഏകദേശം 400 മീറ്റർ അകലെ പാർക്ക് ചെയ്യേണ്ടി വന്നത് തീ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയായെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പോലീസ് നൽകുന്ന പ്രാഥമിക വിവരമനുസരിച്ച്, മരിച്ചവരിൽ ഭൂരിഭാഗവും താഴത്തെ നിലയിൽ കുടുങ്ങിക്കിടന്ന് ശ്വാസംമുട്ടിയാണ് മരിച്ചത്.
