ആദ്യ ദിനം 27 കോടി: ‘ധുരന്ധർ’ ഓഫീസിൽ ഉജ്ജ്വല തുടക്കം
രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’
മുംബൈ:
ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചു. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും ആദ്യ ദിന കളക്ഷനിൽ പ്രതിഫലിച്ചു. ഇൻഡസ്ട്രി ട്രാക്കറായ ‘സാക്നിൽകി’ന്റെ കണക്കനുസരിച്ച്, ചിത്രം ആദ്യ ദിനം 27 കോടി രൂപ നേടി.
ഒരു മൾട്ടി-സ്റ്റാർ, ബിഗ് ബജറ്റ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തുടക്കമാണിത്. എന്നാൽ, റിലീസിന് തലേദിവസം വരെ 15 കോടി രൂപയുടെ ഓപ്പണിംഗ് ആണ് പ്രതീക്ഷിച്ചിരുന്നത് എന്നതിനാലാണ് ഈ കളക്ഷൻ ശ്രദ്ധേയമാകുന്നത്. ഈ മികച്ച തുടക്കം വാരാന്ത്യ കളക്ഷനിൽ ചിത്രം കൂടുതൽ പണം വാരിയെടുക്കാൻ സഹായിക്കും.
ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നാണ് ‘ധുരന്ധർ’ നേടിയതെങ്കിലും, ‘വാർ 2’, ‘ഛാവ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിലാണ് ഇതിൻ്റെ സ്ഥാനം. ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ഒന്നിച്ച ‘വാർ 2’ ആദ്യ ദിനം 52 കോടി രൂപയും (ഹിന്ദിയിൽ 29 കോടി), വിക്കി കൗശലിന്റെ ‘ഛാവ’ 31 കോടി രൂപയും നേടിയിരുന്നു.
രൺവീർ സിംഗിനെ സംബന്ധിച്ചിടത്തോളം, ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ്. 2018-ൽ റിലീസ് ചെയ്ത ‘സിംബ’ നേടിയ 20 കോടി രൂപയുടെ റെക്കോർഡാണ് ‘ധുരന്ധർ’ മറികടന്നത്. രാജ്യത്തുടനീളം 6200-ഓളം ഷോകൾ ഉള്ള ചിത്രത്തിന് ആദ്യ ദിനം 34 ശതമാനമായിരുന്നു മൊത്തം ഒക്യുപെൻസി. രാവിലെയും ഉച്ചയുമുള്ള ഷോകളിൽ കുറഞ്ഞ തിരക്കാണ് അനുഭവപ്പെട്ടതെങ്കിലും, വൈകുന്നേരത്തെ (36 ശതമാനം), രാത്രിയിലെ (56 ശതമാനം) ഷോകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. രൺവീർ സിംഗിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
