തൃശ്ശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; ദേവി വിഗ്രഹവും വെള്ളി തിരുമുഖവും മോഷ്ടിച്ചു
റിപ്പോർട്ട് :നന്ദൻ ഗുരുവായൂർ
തൃശൂർ
ആരാധനാലയങ്ങളുടെ പവിത്രത തകർത്ത് തൃശൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ വൻ കവർച്ച. കുന്നംകുളം കീഴൂർ കാർത്തികേനി ദേവി ക്ഷേത്രത്തിലും പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇരു ക്ഷേത്രങ്ങളിലെയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടാക്കൾ കവർന്നു.
കാർത്തികേനി ക്ഷേത്രത്തിൽ വിഗ്രഹം മോഷണം പോയി
കുന്നംകുളം കീഴൂർ കാർത്തികേനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസാണ് മോഷ്ടാക്കൾ തകർത്തത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഓടിൻ്റെ ദേവി വിഗ്രഹം കവർന്നു. ഇന്നലെ അർദ്ധരാത്രിയോടെ നടന്ന കവർച്ചയുടെ വിവരം, ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ക്ഷേത്രം മാനേജർ ചന്ദ്രൻ ഓഫീസ് തുറന്നപ്പോഴാണ് പുറത്തറിഞ്ഞത്.
ഓഫീസിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പൂരം കഴിഞ്ഞതിനെ തുടർന്ന് ദേവസ്വം ഭണ്ഡാരത്തിലെ വരവ് എണ്ണി തിട്ടപ്പെടുത്തി നേരത്തെ മാറ്റിയതിനാൽ പണം കാര്യമായി നഷ്ടമായിട്ടില്ലെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് ബിനീഷ് നേടിയേടത്ത് അറിയിച്ചു. കമ്മിറ്റി ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുമുഖം കവർന്നു; നാല് ഭണ്ഡാരങ്ങൾ തകർത്തു
പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ ശ്രീകോവിലിൻ്റെ വാതിൽ തകർത്തു. വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി തിരുമുഖമാണ് ഇവിടെ പ്രധാനമായും കവർന്നത്. കൂടാതെ, ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും തകർത്ത് പണം അപഹരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ നട തുറക്കാനെത്തിയ മേൽശാന്തിയാണ് മോഷണവിവരം ആദ്യം കണ്ടത്. ക്ഷേത്ര ഭരണ സമിതിയുടെ പരാതിയിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
