മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് വെസ്‌റ്റ് ഹാമിനെതിരേ തോല്‍വി
ലണ്ടന്‍: മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഫിനിഷിങ്ങിലെ പോരായ്‌മയും ഗോള്‍കീപ്പര്‍ ഡേവിഡ് ദെഹയയുടെ മണ്ടത്തരവുമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്‌റ്റ് ഹാം യുണൈറ്റഡിനെതിരേ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് തോല്‍വി സമ്മാനിച്ചത്.
ജയിച്ചിരുന്നെങ്കില്‍ ന്യൂകാസിലിനെ മറികടന്ന് എറിക് ടെന്‍ ഹാഗിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ മൂന്നാം സ്‌ഥാനത്ത് എത്താമായിരുന്നു.
ബ്രൈട്ടണെതിരായ മുന്‍ മത്സരത്തിലെ തോല്‍വിയില്‍നിന്ന് മാഞ്ചസ്‌റ്റര്‍ പാഠം പഠിച്ചില്ലെന്നു തെളിയിക്കുന്നതായിരുന്നു പോരാട്ടം. ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ മാഞ്ചസ്‌റ്റര്‍ തുറന്നെടുത്തെങ്കിലും ഒന്നുപോലും ലക്ഷ്യം കണ്ടില്ല. അതിനിടയില്‍ 27-ാം മിനിറ്റില്‍ സെയ്‌ദ് ബെന്റാമയിലൂടെ വെസ്‌റ്റ് ഹാം മുന്നിലെത്തി. തന്നെ തടയാനെത്തിയ മൂന്ന് മാഞ്ചസ്‌റ്റര്‍ താരങ്ങള്‍ക്കിടയില്‍നിന്ന് ബെന്റാമ തൊടുത്ത നിരുപദ്രവകാരിയായ ഷോട്ട് വീണു കിടന്നു തടയാന്‍ ദെഹയ ശ്രമിച്ചെങ്കിലും പന്ത് കൈയില്‍ത്തട്ടി വലയില്‍കയറി. രണ്ടാം പകുതിയില്‍ അഞ്ചുതാരങ്ങളെ മാറ്റി ആക്രമണത്തിനു മൂര്‍ച്ചകൂട്ടിയെങ്കിലും വെസ്‌റ്റ് ഹാം ഗോള്‍കീപ്പര്‍ ഫാബിയന്‍സ്‌കി കീഴടങ്ങിയില്ല. ഒടുവില്‍ ഏകഗോളില്‍ മാഞ്ചസ്‌റ്ററിനെ മറികടന്ന് മുഴുവന്‍ പോയിന്റുമായി ഡേവിഡ് മോയെസും സംഘവും ആരാധകരുടെ മനംനിറച്ചു.
മത്സരത്തില്‍ 65 ശതമാനം സമയം പന്ത് മാഞ്ചസ്‌റ്റര്‍ താരങ്ങളുടെ പക്കലായിരുന്നു. വെസ്‌റ്റ്ഹാമിന്റെ 345 പാസുകള്‍ക്ക് 680 എണ്ണമായിരുന്നു ഓള്‍ഡ് ട്രാഫോഡ് ക്ലബിന്റെ മറുപടി. അവസാന മൂനനു കളിയിലെ പരാജയത്തില്‍നിന്നു കരകയറിയ വെസ്‌റ്റ്ഹാമിന് 35 കളിയില്‍ 37 പോയിന്റാണു സമ്ബാദ്യം.
മൂന്നു കളിശേഷിക്കെ 15-ാം സ്‌ഥാനത്തെത്തി തരംതാഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാനും അവര്‍ക്കായി. അവസാന രണ്ടു കളിയില്‍ തോറ്റ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് 34 മത്സരങ്ങളില്‍ 63 പോയിന്റുമായി നാലാമതുണ്ട്. തുടരെ അഞ്ചു കളികള്‍ ജയിച്ച് ഒരുപോയിന്റ് മാത്രം പിന്നിലുള്ള ലിവര്‍പൂളിന്റെ വെല്ലുവിളി മറികടന്ന് ചാമ്ബ്യന്‍സ് ലീഗിനു യോഗ്യത നേടുകയെന്ന ശ്രമകരമായ ദൗത്യമാണ് എറിക് ടെന്‍ ഹാഗിനും സംഘത്തിനും മുന്നിലുള്ളത്.