ദുരഭിമാന കൊല; പിതാവ് മർദിച്ച് വിഷം കൊടുത്ത പത്താം ക്ലാസുകാരി മരണത്തിന് കീഴടങ്ങി

കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലിച്ചതച്ച ശേഷം മകളുടെ വായില്‍ അച്ഛന്‍ ബലമായി കളനാശിനി ഒഴിക്കുകയായിരുന്നു.
എറണാകുളം ആലുവയിൽ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ പെൺകുട്ടി മരിച്ചു. ആലുവ കരുമാല്ലൂർ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് ബലംപ്രയോഗിച്ചാണ് പെൺകുട്ടിക്ക് വിഷം നൽകിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. സഹപാഠിയുമായുള്ള മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പിതാവ് ഒരു മാസം മുമ്പ് ഇരുവരെയും വിലക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ കൈയിൽനിന്ന് ഒരു മൊബൈൽഫോൺ കണ്ടെടുത്തു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കായി.
എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.


