ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം; വീടുകളും ആരാധനാലയങ്ങളും കടകളും തകർത്തു
ധാക്ക:
ബംഗ്ലാദേശിൽ തുടരുന്ന സംഭവവികാസങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ ആശങ്കയറിയിച്ച ഭരണകക്ഷിയായിരുന്ന അവാമി ലീഗ് ഹിന്ദുക്കളെ ലക്ഷ്യംവെക്കരുതെന്ന് ആഹ്വാനം ചെയ്തു. സമുദായ അസോസിയേഷനുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഹിന്ദുക്കൾക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തി. അതിനിടെ, ചില ഹിന്ദു ക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ മുസ്ലീം സമുദായാംഗങ്ങളും രംഗത്തുവരുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ഏകദേശം എട്ടു ശതമാനത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏറെയും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും ഭരണകക്ഷിയായിരുന്ന അവാമി ലീഗിനെയുമാണ് പിന്തുണച്ചിരുന്നത്. വിദ്യാർഥി പ്രക്ഷോഭം വൻ സംഘർഷത്തിലേക്ക് വഴിമാറിയതിന് പിന്നാലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന രാജ്യംവിട്ടെങ്കിലും അക്രമസംഭവങ്ങൾ തുടരുകയാണ്. പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, അവാമി ലീഗ് നേതാക്കളുടെ വീടുകൾ, ഹിന്ദു ക്ഷേത്രങ്ങൾ തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം തുടരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.