എറണാകുളം നഗരത്തില്‍ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച
കൊച്ചി:
എറണാകുളം നഗരത്തില്‍ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിലാണ് കവർച്ച നടന്നത്. 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു സംശയിക്കുന്ന വടുതല സ്വദേശി സജിയെ ആണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സ്ഥാപനത്തിൽ ഉണ്ടായിരുന്നു ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു മോഷണം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് വിവരം.
ആദ്യം രണ്ടംഗ സംഘം കമ്പനിയിലെത്തി പരിസരം നിരീക്ഷിച്ചു. പിന്നാലെ സംഘത്തിലെ മറ്റുള്ളവർകൂടി എത്തി തോക്കു ചൂണ്ടി കവർച്ച നടത്തുകയായിരുന്നു. കാറിലായിരുന്നു മോഷ്ടാക്കൾ എത്തിയത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്കു ചൂണ്ടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.