കൊച്ചി നടി ആക്രമണ കേസ്: ഇന്ന് വിധി പറയും; കേരളം ആകാംഷയിൽ
എറണാകുളം:
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊച്ചിയിലെ നടി ആക്രമണ കേസിൽ ഇന്ന് (ഡിസംബർ 8) എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. രഹസ്യ വിചാരണ പൂർത്തിയാക്കിയാണ് ജഡ്ജ് ഹണി എം വർഗീസ് രാവിലെ 11 മണിയോടെ വിധി പ്രസ്താവിക്കുന്നത്. കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ കേസിൽ, എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തുമോ എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ.
പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ദിലീപ് ഉൾപ്പടെ മുഴുവൻ പ്രതികളോടും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതികളെല്ലാം ജാമ്യത്തിലായതിനാൽ സ്വന്തം നിലയിലാണ് കോടതിയിലെത്തുക.
ദിലീപിനെതിരെ ഗുരുതരമായ കുറ്റങ്ങൾ
ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ബുദ്ധികേന്ദ്രവും നടൻ ദിലീപാണെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ക്വട്ടേഷന് കാരണമായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം ഉൾപ്പടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതിയിൽ സമർപ്പിച്ചതായി അതിജീവിതയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
എട്ട് വർഷത്തെ നിയമ പോരാട്ടം
ക്രൂരമായ ഈ സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിചാരണ കോടതി വിധി പ്രസ്താവിക്കുന്നത്. വിചാരണ നടപടികൾ ഏഴ് വർഷവും ഏഴ് മാസവുമാണ് നീണ്ടുനിന്നത്. കോവിഡ് മഹാമാരിയും രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജിയും വിചാരണ വൈകാൻ കാരണമായിരുന്നു. പ്രതികൾക്കെല്ലാം ശിക്ഷ ലഭിക്കുമോ എന്ന ആകാംഷയിലാണ് കേരളം.
