തുറന്നു പറച്ചിലുകൾ നോവായി മാറുമ്പോൾ….

വാരചിന്ത/പ്രവീൺ
വിശ്വസിച്ച പ്രസ്ഥാനത്തിൻറെ ഭരണതണലിൽ, പഠിച്ച ശാസ്ത്രത്തിൻറെ മികവുന്നതിയിൽ, ദിനംതോറും പാവപ്പെട്ട ഒരു മുഖത്തെങ്കിലും ആശ്വാസപുഞ്ചിരി കാണണമെന്ന ആഗ്രഹത്തിൽ തൻറെ കടമ കൃത്യതയോടെ നിർവഹിക്കുമ്പോൾ ഒരിക്കൽപോലും ആ ഡോക്ടർ ചിന്തിച്ചു കാണില്ല ജീവിതത്തിൽ എപ്പോഴെങ്കിലും ഇതുപോലൊരു പൊള്ളുന്ന തുറന്നുപറച്ചിലുകൾ നടത്തേണ്ടി വരുമെന്ന്…
അതിനു മുൻപ് ഒരുപാട് ആലോചിച്ചിട്ടുണ്ടാകും,അതിൻറെ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കാൻ പോകുന്ന വിനകളെക്കുറിച്ച്-എന്നിട്ടും തുറന്നു പറയേണ്ടി വന്നു. മകൻറെ പ്രായമുള്ള നിരാലംബനായ ഒരു കുട്ടിയുടെ ചികിത്സ മുടങ്ങിയപ്പോൾ. അതിന് അദ്ദേഹം ഹൃദയം കൊണ്ട് നൽകിയ ഒരു വിശേഷണമുണ്ട്- പ്രൊഫഷണൽ സൂയിസൈഡ്. അത്രമാത്രം സ്വന്തം പ്രൊഫഷനേയും തന്നെ വിശ്വസിച്ചു വന്ന പാവങ്ങളെയും അതിരുകവിഞ്ഞ് സ്നേഹിച്ച ഒരു മനുഷ്യൻറെ വല്ലാത്ത അവസ്ഥ.
മാധ്യമങ്ങൾ ഏറ്റുപിടിച്ച ആ തുറന്നുപറച്ചിൽ സമൂഹ മനസ്സാക്ഷിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു എല്ലാ പിന്തുണയും ആ ഒരു ദിവസം ഇദ്ദേഹത്തിന് ലഭിച്ചു. പക്ഷേ, അതിനടുത്ത ദിവസം വിമർശനങ്ങളുടെ തോരാ പെയ്ത്തായിരുന്നു…
ഒന്നിന് പുറകെ ഒന്നൊന്നായി… ആതുര സേവനത്തിന്റെ മികവിന്റെ മികവായ സംസ്ഥാനത്തെ ഒന്നടങ്കം കളങ്കപ്പെടുത്തി, അവമതിപ്പുണ്ടാക്കി, ഇല്ലാകഥകൾ ഉണ്ടാക്കി, അങ്ങനെ നിരവധി നിരവധി ആരോപണങ്ങൾ. വിമർശിക്കുന്നവർക്ക് നിരത്താൻ മുൻ ഭരണകാലത്തെ താരതമ്യങ്ങൾ.
ആ തുറന്നു പറച്ചിലിന് ഒരുപാട് തലങ്ങൾ ഉണ്ടായിരുന്നു-ഒരുപാട് കാര്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞു നിസ്സഹായരുടെയും നിരാലംബരുടേയും കൂടെ നിൽക്കണമെന്ന ആഗ്രഹത്തെക്കാൾ ഉപരി ഇവിടെ എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാർഢ്യവും.
ആ തുറന്നു പറച്ചിൽ ഒരു ചൂണ്ടുപലകയായിരുന്നു. നിസ്സംഗതയുടെ, നിരുത്തരവാദത്തിന്റെ, അവഗണനയുടെ, ആതുര സേവന രംഗത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഉത്തരവാദിത്തമില്ലാത്ത ഒരു സിസ്റ്റത്തിന്റെ കൂത്തഴിഞ്ഞ നേർചിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക.
ഇതെല്ലാം ഒത്തുചേർന്നപ്പോൾ ഇല്ലാതായത് ഒരു കൊച്ചു കുടുംബത്തിന്റെ അത്താണിയായിരുന്നു. ഇല്ലായ്മയുടെ നടുവിൽ നിന്ന് എത്ര മഹത്തരമായി തന്റെ കുടുംബത്തെ സംരക്ഷിക്കണം അടുത്ത തലമുറയ്ക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും ഉണ്ടാക്കിക്കൊടുക്കണം, അതിനുവേണ്ടി ഒരു ചെറിയ ജോലിയുടെ വലിയ ആശ്വാസത്തിൽ പ്രതീക്ഷയുടെ നല്ല നാളുകൾക്ക് വേണ്ടി പരാതിയില്ലാതെ ഓടി നടന്ന ആ പാവം അമ്മയുടെ അവസാനശ്വാസം അരനൂറ്റാണ്ടിന്റെ പഴക്കമുള്ള മണ്ണിന്റെയും കല്ലിന്റെയും കമ്പിയുടെയും ഇടയിൽ ഞെരുങ്ങി നിലച്ചു കൊണ്ടിരിക്കുമ്പോൾ, പുറത്ത് ഈ സിസ്റ്റത്തെ നേർവഴിക്ക് നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ സ്വന്തം നിലനിൽപ്പിനെയും രാഷ്ട്രീയത്തെയും സംരക്ഷിക്കാൻ നിലപാടെടുത്തപ്പോൾ നഷ്ടപ്പെട്ടത് മണിക്കൂറുകൾ ആയിരുന്നു.വളരെ തിരക്കേറിയ റോഡിൽ വരെ ദൂരെ നിന്ന് ഒരു ആംബുലൻസ് സൈറൺ കേൾക്കുമ്പോൾ ഒരു മിനിറ്റ് പോലും പാഴാക്കാതെ ഒരു ജീവൻ നിലനിർത്താൻ എല്ലാവരും വഴിയൊരുക്കി കൊടുക്കാറുണ്ട്…
ഒരു ദുരന്തമുഖത്ത് അർപ്പണമനാഭാവത്തോടെ പ്രവർത്തിക്കാനായിരുന്നു ആദ്യ പരിഗണന കൊടുക്കേണ്ടിയിരുന്നത്.
വളർത്തി വലുതാക്കിയ സ്വന്തം കുഞ്ഞിൻറെ ആദ്യ ശമ്പളവുമായുള്ള വരവിനെ, അവന്റെ നെറുകയിൽ കൈവെച്ച് അനുഗ്രഹിക്കാൻ കഴിയാതെ പോയ ആ അമ്മയുടെ ദുരവസ്ഥ ഇനിയും ഒരാൾക്കും ഉണ്ടാകരുത്.
കാരണം, ഒന്നും മിച്ചം വെക്കാൻ കഴിയാതെ അന്നന്നത്തെ ഭക്ഷണത്തിനുവേണ്ടിയും, സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയും നെട്ടോട്ടമോടുന്ന വളരെ ചെറിയ വരുമാനം കൊണ്ട് ജീവിക്കുന്ന അനവധി നിരവധി സാധാരണ മനുഷ്യരുടെ അവസാന അത്താണിയാണ് നമ്മുടെ നാട്ടിലെ മെഡിക്കൽ കോളേജുകൾ. പണമില്ലായെങ്കിലും കൃത്യമായ രേഖകളുമായി നീണ്ടുകിടക്കുന്ന വരിയുടെ അറ്റത്ത് നിന്നാൽ ഒരു ഉറപ്പുണ്ട് മികച്ച ചികിത്സയും ഉച്ചയ്ക്ക് ഏതെങ്കിലും സാമൂഹ്യ സംഘടനകൾ കൊണ്ടുവരുന്ന കലർപ്പില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും ഭക്ഷണപ്പൊതിയും കിട്ടും എന്ന ഉറപ്പ്. ആ വിശ്വാസം തകരാതെ സൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്…അതിനായി നമ്മുടെ സമൂഹവും മനുഷ്യാവകാശ സംവിധാനങ്ങളും നിയമ വ്യവസ്ഥയും ഉൾപ്പെടുന്ന സിസ്റ്റം ഉണർന്നു പ്രവർത്തിച്ചു കൊണ്ടേയിരിക്കണം….

1 Comment
ഒരു ആത്മസാക്ഷാത്കാര കവിത
(പ്രവാസിയുടെ നിഗൂഢ മനസ്സിൽ നിന്നൊരു വിളിവലി)
ആവട്ടെ,
മനുഷ്യരാശി മലരാണ്യത്തിന്റെ മടിത്തട്ടിൽ താമസിക്കുന്നു
വികസനത്തിന്റെ കാട്ടുതീ ഉയരുമ്പോൾ, വേരുകൾ കറുത്തു കത്തി നശിക്കുന്നു
ഇവർക്കു ആരാണ് ചേക്കേറാൻ പറയുന്നത്?
ആരാണ് കയ്യിടച്ച് ആശ്വസിപ്പിക്കുന്നത്?
ഇവിടം —
പച്ചപ്പിന്റെ നിറമില്ലാതെ മെറ്റൽ റൂമുകളും
കണ്ണുനീർ നനക്കുന്ന കട്ടിലിന്റെ കമ്പികളും
ഉറക്കമില്ലാത്ത പുലരികളും
സഹോദരന്റെ നിഴൽ പോലും കാണാത്ത ദിവസങ്ങളും.
മക്കളെ പിരിഞ്ഞും കരയാൻ കഴിയാതെ,
കണ്ണുനീർ തുള്ളികളിൽ കവിള് നനക്കുന്ന ജീവവൃക്ഷങ്ങൾ
കരുതപ്പെടാതെ വളരുന്ന കുരുന്നുകളെ കാണാതെ,
വിളിക്കുമ്പോൾ:
“പപ്പാ എപ്പോളാ വരുന്നേ? !
കരാഗ്രഹമാണ്, യാന്ദ്രിക ജീവിതം
ഓഫീസ് സമയം തെറ്റിയാൽ ശിക്ഷ,
പലർക്കും അതാണ് വിധി.
ഓരോരുത്തരും ‘ഒരു വാടക റൂമിൽ’
ചുമരുകൾക്കും കിടക്കക്കളത്തിനും ഇടയിൽ
മരണമില്ലാതെ മരിക്കുന്നവർ.
എന്റെ മകനും ഇവിടെ തന്നെയുണ്ട്
ആളറിയാതെ, കുടുംബത്തിനറിയാതെ
ഒറ്റപ്പെട്ടൊരു ലോകം സ്വന്തമാക്കിയിരിക്കുന്നു —
പക്ഷേ മനസ്സിൽ ചോരയടിച്ച്,
അച്ഛനെ പോലെ ആകാതിരിക്കണം എന്ന പ്രതിജ്ഞയോടെ.
പുതിരിക്കണ്ടം മൈതാനങ്ങൾ പോലുള്ള സ്മൃതികൾ
കണ്ണെത്താ ദൂരത്തു മണലായി മാറിയിരിക്കുന്നു
അവിടെ കാട്ടുവെളിച്ചം പോലെയുളള ആഗ്രഹങ്ങൾ,
പുഴ പോലെ ഒഴുകുന്നു – പക്ഷേ ഒരുമാത്രം മരുഭൂമിയിലേക്ക്.
ആവട്ടെ…
പക്ഷെ — ഇതെല്ലാം എനിക്ക് ഒരു ചെറിയ വാക്കായി പറയാം:
ഇവിടം രാത്രിയും പകലുമാകുന്നു,
മാറിമാറി വരുന്നു ജീവിതം
ഇന്ന് ഞാൻ, നാളെ നീ —
അല്ലെങ്കിൽ മറിച്ച്.
ഇത് തിരിച്ചറിയാൻ മനുഷ്യസമൂഹം മനസ്സുതുറക്കട്ടെ.
നിന്റെ വഴിയിലേക്കുള്ള വെളിച്ചത്തിലേക്ക്
എന്തെങ്കിലും ഞാൻ ഒരു തുള്ളി ജലമാകുകയാണെങ്കിൽ,
എന്റെ ഈ വാക്കുകൾ ആരുടെയെങ്കിലും ഉള്ളിലേക്ക്
ശാന്തമായ മഴവെള്ളമായി തളിയുകയാണെങ്കിൽ,
എന്റെ മനസ്സ് ധന്യമായിരിക്കും.
പേരുപ്രസ്താവനം:
കമ്പിയിലൊഴുകുന്ന വെളിച്ചം”
അഥവാ
“ഒരു തുള്ളി – വാക്കുകളുടെ വഴിയിലൂടെ”
Saidaly kuriyadan