നിത്യചെലവിന് കാശില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോൾ ദൈനംദിന കാര്യങ്ങൾ നടത്താൻപോലും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും കെഎസ്ആർടിസിയെ നിരന്തരം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് സെക്രട്ടറി വി. വേണു കോടതിയെ അറിയിച്ചു. കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയോട് നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം, എറണാകുളം അമ്പലമുകളിൽ രണ്ട് ഫാക്ടറികൾക്കിടയിൽ താമസിക്കുന്നവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
27 കോടി ചെലവഴിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ആഘോഷത്തിന്‍റെ സമാപനത്തിന് പിറ്റേന്നായിരുന്നു നിത്യചെലവിന് കാശില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷൻ നവംബർ 30-നകം പൂർണമായും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചീഫ് സെക്രട്ടിയും ട്രാൻസ്പോർട്ട് സെക്രട്ടറിയും അന്ന് വീണ്ടും ഓൺലൈൻ വഴി കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.