പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയ ശതമാനം 78.69; നൂറ് ശതമാനം വിജയം നേടിയത് 62 സ്കൂളുകൾ
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു.
വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്. എച്ച് എസ് ഇ വിഭാഗത്തിൽ 7 മൂല്യ നിർണയ ക്യാമ്പുകളും വൊക്കേഷണൽ വിഭാഗത്തിൽ 8 മൂല്യ നിർണയ ക്യാമ്പുകളിലുമായാണ് മൂല്യ നിർണയം പൂർത്തിയാക്കിയത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറവും ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല വയനാടുമാണ്. എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). 100 ശതമാനം വിജയം സ്കൂളുകളുടെ എണ്ണം 62 ആണ്. ഇതിൽ സർക്കാർ സ്കൂളുകൾ വെറും 7 എണ്ണം മാത്രമാണ് ഉൾപ്പെടുന്നത്. എയ്ഡഡിൽ 17 സ്കൂളുകൾക്കും അൺ എയ്ഡ്ഡിൽ 27 സ്കൂളുകൾക്കും ഫുൾ എ പ്ലസ് നേടാൻ സാധിച്ചു.