ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കം, സെല ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കം, സെല ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ തുരങ്കം തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും. ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്.
“നിങ്ങൾ മോദിയുടെ ഉറപ്പെന്ന് എന്ന് കേട്ടിട്ടുണ്ടാവും. അരുണാചൽ സന്ദർശിക്കുമ്പോൾ അതിൻ്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. വടക്കുകിഴക്കൻ പ്രദേശങ്ങൾ മുഴുവൻ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഞാൻ 2019-ൽ ഇവിടെ അതിൻ്റെ അടിത്തറ പാകി. ഇന്ന് സെല ടണൽ ഉദ്ഘാടനം ചെയ്തു.”,ചടങ്ങിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയാണ് സേല ടണൽ പദ്ധതിയുടെ തറക്കല്ലിട്ടത്. 697 കോടി രൂപയാണ് ഇതിൻ്റെ ചെലവ്.
വടക്കുകിഴക്കൻ മേഖലയിൽ 55,600 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികൾ ഇറ്റാനഗറിൽ നടന്ന പരിപാടിയിൽ വെച്ചാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. അരുണാചൽ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
