വര്‍ക്കലയിൽ 76 ദിവസം മുമ്പ് തുറന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ക്ക്; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം:
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 23നാണ് വര്‍ക്കലയില്‍ ടൂറിസം വകുപ്പിന് കീഴില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് വര്‍ക്കലയിലേത്.
തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ സഞ്ചാരികള്‍ അപകടമുണ്ടായപ്പോള്‍ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നു. എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിച്ചത്. ഇതാദ്യമായല്ല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽപ്പെടുന്നത്.
