സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകി

സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിലെന്ന് റിപ്പോർട്ട്. റഷ്യ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ അദ്ദേഹത്തിൻ്റെ സർക്കാർ അട്ടിമറിക്കപ്പെടുകയും അസദ് രാജ്യം വിടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അസദും കുടുംബവും എവിടെയന്നത് സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്.
സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും മോസ്കോ ബന്ധപ്പെടുന്നുണ്ടെന്നും അക്രമത്തിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും റഷ്യ വ്യക്തമാക്കി.
ഞായറാഴ്ച തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചതോടെയാണ് 24 വർഷത്തെ അസദ് ഭരണം അവസാനിപ്പിച്ചതായി വിമതസേന പ്രഖ്യാപിച്ചത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂർണമായും പിടിച്ചെടുത്തു. നിലവിൽ വിമത സൈന്യം മൻബിജിലേക്ക് പ്രവേശിച്ചതായി ഒരു തുർക്കി വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.