മന്ത്രി ഗണേഷ്കുമാറിന് അഭിനന്ദനങ്ങൾ; കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് സൗജന്യ യാത്ര

 മന്ത്രി ഗണേഷ്കുമാറിന് അഭിനന്ദനങ്ങൾ; കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം:

കാൻസർ ചികിത്സയ്ക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാസൗകര്യം പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.

ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്നുതന്നെ തീരുമാനം എടുത്ത് നടപ്പിലാക്കുമെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും യാത്ര സൗജന്യമാണ്. പ്രഖ്യാപനത്തിനിടെ ബഹളം വച്ച പ്രതിപക്ഷത്തെയും ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു.

‘പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികൾക്ക് ഇത് വലിയ കാര്യമാണ്. 2012ൽ സിറ്റി ബസ്, ഓർഡിനറി ബസുകൾ 50 ശതമാനമെന്ന ഓർഡർ ഇറക്കിയതിനാൽ ഈ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് വരരുത്. ഇത് സംസ്ഥാനത്തിന് ബാധകമായ പ്രഖ്യാപനമാണ്. ഓർഡിനറിക്ക് മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകൾക്കും ഇത് ബാധകമാണ്’- മന്ത്രി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News