നടൻ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണൻ; സിനിമ പ്രൊമോഷനിൽ പങ്കെടുക്കാത്തത് നിർമാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നു

 നടൻ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണൻ; സിനിമ പ്രൊമോഷനിൽ പങ്കെടുക്കാത്തത് നിർമാതാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നു

കൊച്ചി:

മലയാള സിനിമയിലെ പ്രമുഖ താരം ബിജു മേനോനെതിരെ കടുത്ത വിമർശനവുമായി ഫെഫ്ക (FEFKA) ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. കരാറിൽ ഒപ്പിട്ട ശേഷം സിനിമയുടെ പ്രചാരണ പരിപാടികളിൽ (Promotion) നിന്ന് താരങ്ങൾ വിട്ടുനിൽക്കുന്നത് നിർമാതാക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ബിജു മേനോൻ പ്രൊമോഷന് സഹകരിക്കാത്തതിനാൽ ഒരു നിർമാതാവിന് മാത്രം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. പേര് പറയാൻ മടിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നടി.

നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം

സിനിമയുടെ സാറ്റലൈറ്റ് തുകയുമായി ബന്ധപ്പെട്ട് ചാനലുകൾ നിബന്ധനകൾ വെക്കാറുണ്ടെന്നും, പ്രധാന താരങ്ങൾ പ്രൊമോഷന് എത്താത്ത പക്ഷം കരാർ പ്രകാരമുള്ള തുകയിൽ കുറവ് വരുത്തുമെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഒരു സംവിധായകൻ കൂടിയായ നിർമാതാവിന് ബിജു മേനോൻ കാരണം ലഭിക്കേണ്ട തുകയിൽ നിന്നും 25 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായി. നിലവിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ പ്രചാരണത്തിനും താരം പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കരാറിലെ ലംഘനം

താരങ്ങൾ തങ്ങളുടെ വേതന കാര്യത്തിൽ കാണിക്കുന്ന കണിശത ജോലിയുടെ കാര്യത്തിലും കാണിക്കണമെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. “പ്രൊമോഷനിൽ പങ്കെടുക്കുമെന്ന് കരാറിൽ ഒപ്പിട്ട ശേഷം അത് പാലിക്കപ്പെടാതെ പോകുന്നത് ശരിയല്ല. പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ കാണിക്കുന്ന കർക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും ഈ ബാധ്യത നിറവേറ്റുന്നതിൽ കാണിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം കാര്യങ്ങൾ പരിഹരിക്കപ്പെട്ടാൽ, അടുത്ത വർഷത്തെ ചർച്ചകളിൽ നിർമാതാക്കൾ തന്നെ വേതനം വർദ്ധിപ്പിച്ചു നൽകാൻ തയ്യാറാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. ഇതിന് മുൻപ് പുറത്തിറങ്ങിയ ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രചാരണവുമായും താരം സഹകരിച്ചില്ലെന്നാണ് സൂചന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News