എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ: എ പ്ലസ് സ്വപ്നങ്ങൾക്ക് ഗ്രാമർ വിലങ്ങുതടിയാകുമോ?
തിരുവനന്തപുരം:
ഈ വർഷത്തെ എസ്.എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷ കുട്ടികളെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങൾ ഉളവാക്കുന്ന ഒന്നായിരുന്നു. മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ചോദ്യപേപ്പർ അല്പം കടുപ്പമേറിയതായിരുന്നുവെന്നാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രാഥമിക വിലയിരുത്തൽ.
സാധാരണയായി ചോദിക്കാറുള്ള ഡയറി കുറിപ്പ്, ഇ-മെയിൽ, പത്രവാർത്ത, കഥാപാത്ര നിരൂപണം തുടങ്ങിയവ ലളിതമായിരുന്നു. മുൻ വർഷങ്ങളിൽ ആവർത്തിച്ചു കണ്ടിട്ടുള്ള ‘ശാകുന്തളം’ റിവ്യൂ ഏഴ് മാർക്കിന് വീണ്ടും ചോദിച്ചത് പല കുട്ടികൾക്കും ആത്മവിശ്വാസം പകർന്നു. പ്രൊഫൈൽ തയ്യാറാക്കൽ, നൗൺ ഫ്രെയ്സ് തുടങ്ങിയ ചോദ്യങ്ങളും ശരാശരിക്കാർക്ക് ആശ്വാസമായി.
എന്നാൽ, എ പ്ലസ് ലക്ഷ്യമിടുന്ന കുട്ടികളെ ഗ്രാമർ, വൊക്കാബുലറി വിഭാഗങ്ങൾ തെല്ലൊന്ന് പരീക്ഷിച്ചു. എഡിറ്റിങ്, സംഭാഷണ പൂർത്തീകരണം, റിപ്പോർട്ടഡ് സ്പീച്ച് തുടങ്ങിയ ഭാഗങ്ങൾ ശരാശരിക്ക് മുകളിലുള്ള കുട്ടികൾക്ക് പോലും പെട്ടെന്ന് ഉത്തരമെഴുതാവുന്നവ ആയിരുന്നില്ലെന്ന് കൊല്ലം തേവലക്കര ഗേൾസ് ഹൈസ്കൂളിലെ അധ്യാപകൻ അനീസ് അഭിപ്രായപ്പെട്ടു. കൂടാതെ, കവിതയും പാഠഭാഗങ്ങളും വായിച്ച് വിശകലനം ചെയ്ത് ഉത്തരമെഴുതാൻ കൂടുതൽ സമയം വേണ്ടി വന്നതും കുട്ടികളെ പ്രയാസപ്പെടുത്തി.
ചുരുക്കത്തിൽ, ശരാശരി നിലവാരമുള്ളവർക്ക് മികച്ച വിജയം നേടാമെങ്കിലും, സൂക്ഷ്മതയോടെ ഉത്തരമെഴുതിയവർക്ക് മാത്രമേ ഇംഗ്ലീഷിൽ എ പ്ലസ് ഉറപ്പിക്കാനാവൂ എന്നതാണ് പരീക്ഷാനന്തര ചിത്രം.
