മരണക്കെണിയുമായി തിരുവല്ലം പാലം; വാഗ്ദാനങ്ങൾ നിറവേറ്റാതെ സർക്കാർ.

 മരണക്കെണിയുമായി  തിരുവല്ലം പാലം; വാഗ്ദാനങ്ങൾ നിറവേറ്റാതെ സർക്കാർ.

തിരുവല്ലം പാലം തുടങ്ങുന്ന ,നാല് റോഡുകൾ സംഗമിക്കുന്ന സ്ഥലം.ഒരു അപകട മുന്നറിയിപ്പും ഇവിടെയില്ല .അപകടവും മരണവും നിത്യ സംഭവം

തിരുവല്ലം പാലം കടന്നുകിട്ടണമെങ്കിൽ സർക്കസ് പരിശീലനം അനിവാര്യം. അധികാരികളുടെ അക്ഷന്തവ്യമായ അനാസ്ഥയും അവഗണയും കൊണ്ട് ഇവിടെ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ . നിത്യേനെയെന്നോണം പെരുകുന്ന വാഹനാപകടങ്ങൾ, അതുമൂലമുള്ള മരണങ്ങൾ. തിരുവല്ലം മുതൽ വാഴമുട്ടം വരെയുള്ള ഭാഗം മരണക്കെണിയായി തന്നെ തുടരുന്നു . വാഗ്ദാനങ്ങൾ മാത്രം നൽകി ശീലിച്ചിട്ടുള്ള നമ്മുടെ ഭരണാധികാരികൾ പൊതുജനത്തിന്റെ ജീവന് ഒരുവിലയും കൽപ്പിക്കാതെ പോകുന്നത് അവർ കടന്നുപോകുന്ന വഴികളിലുള്ള തടസ്സങ്ങൾ നീക്കി പോലീസ് എസ്കോർട്ടോടുകൂടിയ വാഹനവ്യുഹം നൽകുന്ന സൗകര്യങ്ങളിൽ മതിമറക്കുന്നതുകൊണ്ടാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു .

തിരുവല്ലത്തു നിന്നും തിരിഞ്ഞ് പൊതുമരാമത്ത് വകുപ്പിന്റെ റോഡിലേയ്ക്ക് പോകുന്ന ടോറസ് ലോറികൾ പോലുള്ള ഹൈവേ വഴി പോകേണ്ട വലിയ വാഹനങ്ങൾ സംസ്ഥാന റോഡിന്റെ വീതിയെ ആകെ കവർന്നെടുക്കുന്ന രീതിയിലാണ് പോകുന്നത്. ചെറിയ വാഹനങ്ങൾ പോകുന്നതിനേക്കാൾ വേഗതയിൽ പാഞ്ഞ് പോകുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ പലപ്പോഴും ഞെട്ടലുളവാക്കുന്നു.

തിരുവല്ലം കഴിഞ്ഞ് ഹൈവേയിൽ കൊല്ലൻതറ ഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസ മറികടക്കാൻ വാഹനയാത്രക്കാർ കാണുന്ന എളുപ്പമാർഗമാണ് പൊതുമരാമത്ത് റോഡ്.ഇത് കാരണം ഓഫീസ് സമയത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രാണാതീതമാണ്. ആശാസ്ത്രീയമായ ടോൾ പിരിവിനെതിരെ ഒട്ടേറെ സമരപരിപാടികൾ വിവിധ രാഷ്ട്രീയപാർട്ടികളും സാംസ്‌കാരിക സംഘടനകളും റെസിഡൻസ് അസോസിയേഷനുകളും നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം ജലരേഖയായിപ്പോയി എന്നുമാത്രം.

നാഷണൽ ഹൈവേ അതോറിറ്റിയും സംസ്ഥാനമന്ത്രിമാരും പലവട്ടം സ്ഥലം സന്ദർശിക്കുകയും വസ്തുതകൾ മനസ്സിലാക്കുകയും ചെയ്തിട്ടും നാളിതുവരെ ഒരു പരിഹാരവും നടന്നുകണ്ടില്ല. നിലവിലുള്ള പാലത്തിനു സാമാന്തരമായി സർവീസ് റോഡിനെ ബന്ധിപ്പിച്ച് പുതിയൊരു പാലം കൂടി വരുമെന്ന ഉറപ്പ് പലവട്ടം അധികാരികൾ നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെയും കൈകൊണ്ടിട്ടില്ല. ഹൈവേ വഴിപോകുന്ന അന്യദേശത്തു നിന്നും വരുന്ന വാഹനങ്ങൾ പാലം കടക്കുമ്പോൾ ആകെ ചിന്തക്കുഴപ്പത്തിലാണ് .

തലങ്ങും വിലങ്ങും വാഹനങ്ങൾചീറിപ്പായുന്നു, കൂടാതെ ഭീമമായ ടോൾ കൊടുക്കാതെ എങ്ങനെ രക്ഷപ്പെടാം എന്ന ചിന്താഗതിയും!ശ്രദ്ധിക്കപ്പെടാതെ സ്ഥാപിച്ചിരിക്കുന്ന ദിശാ ഫലകങ്ങൾ മറ്റൊരു പോരായ്മ .ഇതെല്ലാം അപകടങ്ങൾ കൂട്ടാൻ കാരണമാകുന്നു .പുതിയൊരു പാലത്തിന്റെ ആവശ്യം മുൻപെന്നെത്തേക്കാളും ശക്തമാണ് .അതാണ് ഇപ്പോൾ ഉണ്ടാകുന്ന കഷ്ടതകൾക്കൊരു പരിഹാരവും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News