അധ്യാപകർ ക്ലാസിലെത്തുന്നത് ഭയത്തോടെ
കൊച്ചി:
സ്കൂൾ അധ്യാപകർ ക്ലാസിലെത്തുന്നത് ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെയെന്ന് ഹൈക്കോടതി. വിദ്യാർഥികളുടെ നന്മയ്ക്കും അച്ചടക്കത്തിനും അധ്യാപകർ നൽകുന്ന ശിക്ഷകളെ ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ഡെസ്ക്കിൽ കാൽ കയറ്റി വച്ചത് ചോദ്യം ചെയ്തതിന് ചീത്തവിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. കുട്ടിയുടെ പരാതിയിൽ ബാലനീതി നിയമപ്രകാരം വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്.സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ നൽകുന്ന ശിക്ഷകൾ ക്രിമിനൽ കുറ്റമല്ലെന്നും ബാലനീതി നിയമത്തിന്റെ ലംഘനമാകില്ലെന്നും സമാനകേസുകളിൽ ജസ്റ്റിസ് ബദറൂദ്ദീൻ ഉത്തരവിട്ടിരുന്നു.