ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ ഗുസ്തി മെഡൽ സ്വന്തമാക്കി അമൻ സെഹ്രാവത്

ഇന്ത്യയുടെ ആദ്യ ഗുസ്തി മെഡൽ സ്വന്തമാക്കി അമൻ സെഹ്രാവത്
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ-സ്റ്റൈൽ വിഭാഗത്തിൽ പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തി ഗുസ്തി താരം അമൻ ഷെരാവത്ത് വെങ്കലം നേടി. ഒളിംപിക്സിലെ ഇന്ത്യയുടെ ആറാം മെഡലാണ് ഇത്. വ്യാഴാഴ്ച ഇന്ത്യൻ സംഘം രണ്ട് മെഡലുകൾ കൂടി തങ്ങളുടെ പട്ടികയിൽ ചേർത്തിരുന്നു. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഷൂട്ടർമാർ നേരത്തെ നേടിയ മൂന്ന് വെങ്കല മെഡലുകൾക്ക് പുറമേ, നീരജ് ചോപ്രയും ഇന്ത്യൻ പുരുഷ ഹോക്കി ടീമും യഥാക്രമം ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു.
21 കാരനായ ഇന്ത്യൻ ഗുസ്തി താരം തൻ്റെ പേര് ഒളിമ്പ്യൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തുക മാത്രമല്ല ചെയ്തത്. വെങ്കല മെഡൽ നേട്ടത്തിലൂടെ അദ്ദേഹം ചരിത്രം കുറിക്കുകയും ചെയ്തു. ഒളിമ്പിക്സ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി ഷെരാവത്ത്.
2003 ജൂലൈ 16 ന് ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ബിരോഹർ ഗ്രാമത്തിൽ ജനിച്ച അമൻ്റെ ആദ്യകാല ജീവിതം കഠിനമായിരുന്നു. 11 വയസ്സുള്ളപ്പോൾ ഷെരാവത്തിന് മാതാപിതാക്കളെ നഷ്ടമായി. ഒരനുജത്തി കൂടിയുള്ള ഷെരാവത്തിന്റെ ജീവിതത്തിൽ അമ്മാവൻ സുധിർ ഷെരാവത്തിന്റെ ഇടപെടലാണ് വഴിത്തിരിവായി മാറിയത്.