തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനമായി
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനമായി. ശനിയാഴ്ച വൈകിട്ട് ശംഖുമുഖം കടലിൽ നടന്ന ആറാട്ട് ചടങ്ങുകളോടെയായിരുന്നു ഉത്സവത്തിന് സമാപനമായത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച ആറാട്ടിന്റെ ചടങ്ങുകൾക്ക് രാത്രി 10 മണിയോടെ പരിസമാപ്തിയായി.
ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ പൂജാദ്രവ്യങ്ങളും നാമജപവുമായി ഭകതർ ശ്രീപത്മനാഭനെ വണങ്ങി. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ സ്വർണ ഗരുഡ വാഹനങ്ങളിൽ ശ്രീ പത്മനാഭസ്വാമിയേയും നരസിംഹമൂർത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയേയും പുറത്തേക്ക് എഴുന്നള്ളിച്ചു. പടിഞ്ഞാറേ നടവഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറത്തിറങ്ങിയത്.
ക്ഷേത്രത്തിന് പുറത്തിറങ്ങിയ വിഗ്രഹ ഘോഷയാത്രയെ വായ്ക്കുരവകളാലാണ് സ്വീകരിച്ചത്. പെരുമ്പറകൾ കെട്ടിയ ആനയാണ് ഘോഷയാത്ര വിളംബരം ചെയ്ത് ആദ്യം അണിനിരന്നത്. നാമജപങ്ങളോടെ ഭക്തരും ഘോഷയാത്രയെ അനുഗമിച്ചു.