ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍; മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് കേസ്,
തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിൻ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശത്തിനിടെ മത്സ്യത്തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കും ബിഷപ്പ് തോമസ് നെറ്റോയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടിആരോപിച്ചിരുന്നു.
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം ഞാനും മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരും സന്ദർശിച്ചിരുന്നു. ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെ തന്നെ ജില്ലാ ഭരണകൂടം തിരച്ചിലിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു.
ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ് , ലോക്കൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ സശ്രദ്ധം കേട്ടു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. തുടർന്ന് മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാൽ നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ലെന്ന് മന്ത്രി ശിവൻകുട്ടി ആരോപിച്ചു.
വൻതുക മത്സ്യത്തൊഴിലാളികളിൽ നിന്ന് പിരിച്ച് പള്ളികൾ ചൂഷണം ചെയ്യുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ യൂജിൻ പെരേരെ പ്രശ്നം വഷളാക്കിയത് മന്ത്രിമാരാണെന്ന് കുറ്റപ്പെടുത്തി.