ജമ്മു കശ്മീര്‍ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കാശ്മീറിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി .
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു. വിധി കേവലം ഒരു ‘നിയമവിധി’ മാത്രമല്ല. പ്രത്യാശയുടെ പ്രകാശമാനവും ശോഭനമായ ഭാവിയുടെ വാഗ്ദാനവും, ശക്തവും കൂടുതല്‍ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മോദി വിധിയില്‍ പ്രതികരണം അറിയിച്ചത്. #NayaJammuKashmir എന്ന ഹാഷ്ടാഗ് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
അതേസമയം വിധി ദുഃഖകരവും നിർഭാഗ്യകരവുമാമെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ ഗുലാം നബി ആസാദ് പ്രതികരിച്ചു. അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ പ്രദേശത്തെ ജനങ്ങൾക്ക് അതൃപ്തിയുണ്ടെങ്കിലും തീരുമാനം അംഗീകരിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

