കൊൽക്കത്തയിൽ ഡോക്ടർമാർ സമരം തുടരും
കൊൽക്കത്ത:
ബംഗാളിൽ ഡോക്ടർമാർ തുടരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കാനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.ആരോഗ്യ ഭവനിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരും ഡോക്ടർമാരുടെ പ്രതിനിധികളും പങ്കെടുത്ത ചർച്ച മൂന്ന് മണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആവശ്യങ്ങൾ പൂജ ഉത്സവത്തിനു ശേഷം പരിഗണിക്കാമെന്നല്ലാതെ ഒരുറപ്പും നൽകാൻ സർക്കാർ തയാറായില്ലെന്നും സമരം തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അച്ഛനും അമ്മയും ഡോക്ടർമാർ തുടരുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബുധനാഴ്ച ഉപവസിച്ചു.