ദിലീപിന് ഒരു തിരിച്ചുവരവ് അസാധ്യമോ?
ജനപ്രിയ നായകൻ എന്ന ടൈറ്റിലുമായി വന്നിരുന്ന ദിലീപ് ചിത്രങ്ങൾക്ക് ഒരു മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. കുറച്ചുകാലമായി അതിന് മാറ്റം വന്നിരിക്കുന്നു. പ്രത്യേകിച്ചും നടിയുമായുള്ള കേസും അതിനെ തുടർന്നുള്ള അറസ്റ്റും, സിനിമയിൽ അടുത്തകാലത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലുള്ള പറഞ്ഞു പഴകിയ തമാശകൾ പ്രേക്ഷകർ സ്വീകരിക്കാതെ വന്നതും ദിലീപിന്റെ കരിയറിനെ സരമായി ബാധിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ.സമീപകാലത്തിറങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. കുട്ടികളുടെയും സ്ത്രീകളുടെയും ഇഷ്ട നായകനായിരുന്നു ദിലീപ്. സിനിമയിൽ ഒരിക്കൽ നഷ്ടപ്പെട്ടുപോകുന്ന ഇമേജ് തിരിച്ചുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.അറസ്റ്റിന് ശേഷം റിലീസ് ചെയ്ത രാംലീല മാത്രമാണ് ഹിറ്റ് ലിസ്റ്റിലുള്ള ദിലീപിന്റെ സിനിമ. അതാകട്ടെ വളരെമുൻപ് ചിത്രീകരിച്ചു തുടങ്ങിയ സിനിമയും . പക്ഷെ അതിന് ശേഷം പുറത്തിറങ്ങിയ ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ,മൈ സാന്റ, കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങൾ മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം തകർന്നു പോകുകയായിരുന്നു. കോടികൾ മുടക്കി നിർമ്മിച്ച ബാന്ദ്ര വൻ പരാജയമായിമാറി. കഷ്ടിച്ച് രക്ഷപെട്ടത് വോയിസ് ഓഫ് സത്യനാഥൻ എന്ന ഷാഫി ചിത്രം മാത്രമാണ്.ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത തങ്കമണിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഈ ചിത്രവും പരാജയത്തിലേയ്ക്കാണെന്നാണ് റിപ്പോർട്ട്. തുടർ പരാജയ ചിത്രങ്ങളുടെ നായകൻ എന്ന ലേബൽ ദിലീപിന് ചേരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കേട്ടുപഴകിയ ഹാസ്യം കുത്തിനിറച്ച കേശു ഈ വീടിന്റെ നാഥൻ കാണിക്കളെ വിരസതയിലേയ്ക്കാണ് കൂട്ടികൊണ്ട് പോയത്. ചുരുക്കത്തിൽ തന്റെ പ്രതാപം വീണ്ടെടുക്കാൻ ദിലീപിന് ഒരുപാട് പ്രയത്നിക്കേണ്ടിവരുമെന്ന് സാരം.